'പാഴ്സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധം'; തിരുവനന്തപുരത്തും കൊച്ചിയിലുമായി നഷ്ടമായത് 5.61 കോടി; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

'പാഴ്സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധം'; തിരുവനന്തപുരത്തും കൊച്ചിയിലുമായി നഷ്ടമായത് 5.61 കോടി; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായത് 5.61 കോടി രൂപ. രണ്ട് കേസുകളിലായാണ് ഇത്രയും അധികം തുക നഷ്ടമായതെന്ന് കേരള പൊലീസ് അറിയിച്ചു.

താങ്കളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് വിളിക്കുന്ന കോളുകള്‍ തട്ടിപ്പ് ആണെന്നും കെണിയില്‍ വീഴരുതെന്നും കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ തട്ടിപ്പുകാരന്‍ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ സിബിഐയിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാള്‍ സംസാരിക്കുന്നു.

പാഴ്സലിനുള്ളില്‍ എംഡിഎംഎയും പാസ്പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് അയച്ചു തരുന്നു. ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോ കോളില്‍ വന്നായിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നും കേരള പൊലീസ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവര്‍ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാന്‍ ആവശ്യപ്പെടുകയില്ല. അവര്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്ന് മനസിലാക്കുക എന്നും കേരള പൊലീസ് ഓര്‍മ്മിപ്പിച്ചു.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ രണ്ട് കേസുകളില്‍ മാത്രം നഷ്ടമായത് 5.61 കോടി രൂപയാണ്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം, വ്യാജ ആധാര്‍ കാര്‍ഡുകള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ തട്ടിപ്പുകാരന്‍ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ സിബിഐയിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാള്‍ സംസാരിക്കുന്നു. പാഴ്സലിനുള്ളില്‍ എം.ഡി.എം.എയും പാസ്പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാള്‍ പറയുന്നു.

വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് അയച്ച് തരുന്നു. ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാള്‍ വീഡിയോ കോളില്‍ വന്നായിരിക്കും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുക.

തുടര്‍ന്ന് നിങ്ങളുടെ സമ്പാദ്യ വിവരങ്ങള്‍ നല്‍കാന്‍ പൊലീസ് ഓഫീസര്‍ എന്ന വ്യാജേന തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫീസര്‍ സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ച് നല്‍കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവര്‍ അയച്ച് നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവന്‍ കൈമാറുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസിലാക്കാന്‍ സാധിക്കൂ.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവര്‍ അയച്ച് തരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജന്‍സിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാന്‍ ആവശ്യപ്പെടുകയില്ല. അവര്‍ക്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്ന് മനസിലാക്കുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.