പ്രധാനമന്ത്രിയായി മൂന്നാം തവണയും നരേന്ദ്ര മോഡി അധികാരമേറ്റു: കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രി സഭയില്‍

 പ്രധാനമന്ത്രിയായി മൂന്നാം തവണയും നരേന്ദ്ര മോഡി അധികാരമേറ്റു: കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രി സഭയില്‍

72 അംഗ മന്ത്രി സഭയില്‍ 30 കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള ആറ് മന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍. എന്‍സിപിക്ക് മന്ത്രിസഭയില്‍ പ്രാതിധിനിത്യം
ഇല്ല

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട അതിഥികളും എന്‍ഡിഎ നേതാക്കളും രാഷ്ട്രപതി ഭവനിലെത്തി.

ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ വ്യക്തിയാണ് നരേന്ദ്ര മോഡി. രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമാണ് മോഡി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. കേരളത്തില്‍ നിന്നും സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. 30 കാബിനറ്റ് മന്ത്രിമാര്‍. ആറ് പേര്‍ക്ക് സ്വതന്ത്ര ചുമതലയാണ്. 36 പേര്‍ സഹമന്ത്രിമാരും ആണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുന്‍ ഖാര്‍ഗെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവരും ചടങ്ങിനെത്തി.

ടിഡിപി, ജെഡിയു, എല്‍ജെപി, തുടങ്ങി എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിസ്ഥാനം ലഭിച്ചു. അതേസമയം ഘടകക്ഷിയായ എന്‍സിപി ഷിന്‍ഡെ പക്ഷത്തിന് മന്ത്രിമാരില്ല. കാബിനറ്റ് മന്ത്രിപദമാണ് ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിരുന്നത്. സഹമന്ത്രി സ്ഥാനം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും എന്‍സിപി നിരസിക്കുകയായിരുന്നു. എന്നാല്‍ അടുത്തുവരുന്ന മന്ത്രിസഭാ പുനസംഘടനയില്‍ എന്‍സിപിയെ പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.