'യുദ്ധം' മുറുകുന്നു; വീണ്ടും 300ലധികം മാലിന്യ ബലൂണുകള്‍ അയച്ച് ഉത്തര കൊറിയ; ഉച്ചഭാഷിണിയിലൂടെ മറുപടി നല്‍കാന്‍ ദക്ഷിണകൊറിയ

'യുദ്ധം' മുറുകുന്നു; വീണ്ടും 300ലധികം മാലിന്യ ബലൂണുകള്‍ അയച്ച് ഉത്തര കൊറിയ; ഉച്ചഭാഷിണിയിലൂടെ മറുപടി നല്‍കാന്‍ ദക്ഷിണകൊറിയ

സിയോള്‍: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകള്‍ അയച്ച് ഉത്തരകൊറിയ. ഞായറാഴ്ച രാത്രിയോടെ 330 മാലിന്യ ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയച്ചുവെന്നാണ് സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്ലാസ്റ്റിക്കുകള്‍, വേസ്റ്റ് പേപ്പറുകള്‍ തുടങ്ങിയവയാണ് ഈ ബാഗുകളില്‍ നിറച്ചിരിക്കുന്നത്. സ്ഫോടക വസ്തുക്കളോ മറ്റ് വിഷാംശമുള്ള പദാര്‍ത്ഥങ്ങളോ ഉള്‍പ്പെടെ സംശയാസ്പദമായ രീതിയില്‍ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ക്കെതിരെ അതിര്‍ത്തി മേഖലകളില്‍ ദക്ഷിണ കൊറിയ രാജ്യവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്യുകയാണെന്നാരോപിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ലഘുലേഖ വിതരണം ചെയ്യുകയും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ഇനിയും ഈ രീതിയിലുള്ള മറുപടി പ്രതീക്ഷിക്കണമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കൂടിയായ കിം ജോങ് യോ മുന്നറിയിപ്പ് നല്‍കി.

'വിശ്രമമില്ലാതെ അവര്‍ക്ക് ഇനി പാഴ്‌വസ്തുക്കള്‍ പെറുക്കിയെടുക്കാം. ഇത് അവരുടെ ദിവസജോലിയായി മാറിയിരിക്കുകയാണ്. ഇനിയും ഉത്തരകൊറിയയ്ക്കെതിരെ നീക്കങ്ങള്‍ നടത്താനാണ് ഭാവമെങ്കില്‍ ഇതുപോലുള്ള ബലൂണുകള്‍ ഇനിയും എത്തുമെന്നും' കിം ജോങ് യോ പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ നൂറുകണക്കിന് ബലൂണുകളിലായി ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ദക്ഷിണ കൊറിയയിലേക്ക് പറന്നെത്തിയത്.

പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് താത്കാലികമായി നിര്‍ത്തുകയാണെന്ന് ഉത്തര കൊറിയ നേരത്തെ അറിയിച്ചിരുന്നു. സിഗരറ്റ് കുറ്റികള്‍, കാര്‍ഡ് ബോഡുകള്‍, തുണിക്കഷണങ്ങള്‍, ടോയ്‌ലറ്റ് പേപ്പറുകള്‍ തുടങ്ങിയവയാണ് വലിയ ബലൂണുകളിലാക്കി അതിര്‍ത്തി വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയയിലെ സിയോള്‍, ജിയോങ്ഗി തുടങ്ങിയ വടക്കന്‍ മേഖലകളിലേക്കാണ് ഈ മാലിന്യ ബലൂണുകള്‍ കൂട്ടമായി എത്തിയത്.

അതേസമയം, ബലൂണില്‍ മാലിന്യം വിതറുന്ന ഉത്തരകൊറിയയ്ക്ക് ഉച്ചഭാഷിണിയിലൂടെ മറുപടി നല്‍കാനൊരുങ്ങുകയാണ് ദക്ഷിണകൊറിയ. അതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച് ഉത്തരകൊറിയന്‍ വിരുദ്ധ സന്ദേശങ്ങള്‍ കേള്‍പ്പിക്കാന്‍ തീരുമാനിച്ചതായി ദക്ഷിണകൊറിയയിലെ ദേശീയ സുരക്ഷാ സമിതി അറിയിച്ചു. ദക്ഷിണകൊറിയ മുമ്പും ഇതു ചെയ്തിട്ടുള്ളതാണ്; ആറു വര്‍ഷം മുന്‍പ് 2018ല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.