കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കും

കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 11 മലയാളികൾ. ആകെ15 ഇന്ത്യക്കാർ മരിച്ചതായാണ് ഇതുവരെ ലഭിച്ച വിവരം. മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്.195 പേർ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മലയാളികളടക്കം 49 പേർ മരണപ്പെട്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 49 പേരിൽ 21 പേരുടെ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇതിൽ 11 പേർ മലയാളികളാണ്. കൊല്ലം ഒയൂർ സ്വദേശി ഷമീർ, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ്, സ്റ്റീഫൻ എബ്രഹാം, അനിൽ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.

നിരവധി തമിഴ്‌നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. എല്ലാവരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്‌ളാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്.

തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവെെറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

തീപിടിത്തതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ അനധികൃതമായി തിങ്ങി താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലെയും ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും കുവെെറ്റ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

കുവെെറ്റിലെ അപകടം ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. എല്ലാ സഹായവും ഇന്ത്യൻ എംബസി ചെയ്യുമെന്നും അദേഹം അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും ജയശങ്ക‌‌ർ എക്സിൽ കുറിച്ചു.

അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.