കേരളത്തിന് ഇന്ന് ദുഖവെള്ളി: ചേതനയറ്റ ശരീരങ്ങളായി അവര്‍ 23 പേരും മടങ്ങിയെത്തി; മൃതദേഹങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍

കേരളത്തിന് ഇന്ന് ദുഖവെള്ളി: ചേതനയറ്റ ശരീരങ്ങളായി അവര്‍ 23 പേരും മടങ്ങിയെത്തി; മൃതദേഹങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍

കൊച്ചി: കുവൈറ്റിലെ തീപിടുത്തത്തില്‍ മരിച്ച 23 പേരുടെ മൃതദേഹങ്ങള്‍ കേരളം ഏറ്റുവാങ്ങി. രാവിലെ 10.30 ഓടെയാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. മൃതദേഹങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.

കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കും. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. മറ്റുള്ളവരുടെ മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വദ്ധന്‍ സിങും വിമാനത്തിലുണ്ട്. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ മുംബൈയില്‍ നടത്തും.

നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൃതദേഹവുമായി പോകുന്ന ഓരോ ആംബുലന്‍സിനൊപ്പവും പൊലീസ് പൈലറ്റ് വാഹനവും ഉണ്ടാകും.

മെച്ചപ്പെട്ട ജീവിതം, സാമ്പത്തിക ബാധ്യതയില്‍ നിന്നുള്ള മോചനം അങ്ങനെ നിരവധി സ്വപ്നങ്ങളുമായി പലപ്പോഴായി കുവൈറ്റിലെത്തിയ 23 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി. അപകട വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു ആ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണ വിവരം പുറത്തുവന്നു.
കുവൈറ്റില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈറ്റ് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മന്റെും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈറ്റ് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്തകേട്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ശരിയല്ലാത്ത ചില സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈറ്റില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട് ന്യൂനപക്ഷക്ഷേമ മന്ത്രി സെന്‍ജി കെ.എസ് മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.

മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.