കുവൈറ്റ് സിറ്റി: മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന് സ്ഥിരീകരിച്ച് കുവൈറ്റ് അഗ്‌നിരക്ഷാ സേന. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് നേരത്തേ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദുരന്ത സ്ഥലത്ത് വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് അപകട കാരണം കണ്ടെത്തിയതെന്ന് കുവൈറ്റ് അഗ്‌നിശമന സേനയെ ഉദ്ധരിച്ച് കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുള്‍പ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ളാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ അതിവേഗം തീപടരാന്‍ ഇടയാക്കിയെന്നും ഫയര്‍ഫോഴ്സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു.
മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയത് വലിയ തോതില്‍ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകള്‍ നിലയിലേക്ക് പടര്‍ന്നു. ആറുനില കെട്ടിടത്തില്‍ 24 ഫ്‌ളാറ്റുകളിലെ 72 മുറികളിലായി 196 പേരാണ് താമസിച്ചിരുന്നത്.
ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ 176 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്ക് കയറാനായില്ല.
ഗോവണി വഴി ടെറസിലെത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ കുഴഞ്ഞ് വീണതായും ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് നിഗമനം.
പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാമ്പിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിന് പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. രണ്ട് പേര്‍ മാത്രമാണ് പൊള്ളലേറ്റ് മരിച്ചത്. ബാക്കി 47 പേരും മരിച്ചത് പുക ശ്വസിച്ചാണെന്ന് എന്‍ബിടിസി കമ്പനി പ്രതിനിധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.