മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്; നടന്‍ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ്; നടന്‍ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസില്‍ സൗബിന്‍ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തേ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാണ പങ്കാളി എറണാകുളം അരൂര്‍ സ്വദേശി സിറാജ് വലിയതുറ സൗബിനെതിരെ രംഗത്ത് വന്നിരുന്നു. സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതം നല്‍കിയില്ലെന്നായിരുന്നു പരാതി.

പരാതിയില്‍ മരട് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ ബോക്‌സ് ഓഫിസ് വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്.

സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഹൈക്കോടതി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ ചെയ്തിരുന്നു.

ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്റെ പങ്കാളികളില്‍ ഒരാളായ ബാബു ഷെഹീര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്.

ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴ് കോടി രൂപ മുതല്‍ മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയതുറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതകള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നാണ് ഹര്‍ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.