പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി നടത്തിയ ഐതിഹാസികമായ കൂടിക്കാഴ്ചയുടെ ഓർമ്മ പുതുക്കാൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഐറിഷ് റെജിമെൻ്റ്

പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി നടത്തിയ ഐതിഹാസികമായ കൂടിക്കാഴ്ചയുടെ ഓർമ്മ പുതുക്കാൻ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഐറിഷ് റെജിമെൻ്റ്

വത്തിക്കാൻ സിറ്റി: എൺപതു വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കൂടിക്കാഴ്ചയുടെ ഓർമ്മ പുതുക്കി ഐറിഷ് റെജിമെൻറ് പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. റോമിനെ നാസികളിൽ നിന്ന് മോചിപ്പിച്ചതിന്റെ എട്ടാം ദിവസമാണ്, ബ്രിട്ടീഷ് ആർമിയുടെ 38-ാം ബ്രിഗേഡിൽ (ഐറിഷ്) നിന്നുള്ള ഏതാനും സൈനികർ പന്ത്രണ്ടാം പീയൂസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. 1944 ജൂൺ 12- നായിരുന്നു അത്.

ഐറിഷ് റെജിമെൻ്റിൻ്റെ ഇപ്പോഴത്തെ മേധാവി മേജർ ജനറൽ കോളിൻ വെയിർ വത്തിക്കാൻ ന്യൂസിനോട് ഇരുകൂടിക്കാഴ്ചകളെക്കുറിച്ചും കൂടുതൽ വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ വത്തിക്കാനിലെ യുകെ അംബാസിഡർ ക്രിസ് ട്രോട്ടും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു.

1944: പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുമായുള്ള കൂടിക്കാഴ്ച

ഐറിഷ് റെജിമെൻ്റിൻ്റെ ചരിത്രത്തിലെ ഐതിഹാസികമായ ഒരു കൂടിക്കാഴ്ചയായിരുന്നു പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി അന്ന് നടത്തിയതെന്ന് ജനറൽ വെയിർ അനുസ്മരിച്ചു.1944 ജൂൺ 4-നായിരുന്നു റോം നാസികളിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്. അന്ന് വത്തിക്കാനിലുണ്ടായിരുന്ന ഐറിഷ് പുരോഹിതരാണ് പീയൂസ് പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. നഗരത്തിന്റെ വടക്കുഭാഗത്ത്, അപ്പോഴും സജീവമായിരുന്ന യുദ്ധത്തിൽ മുൻനിരയിൽ തന്നെയായിരുന്നു സൈന്യം. അതിനാൽ പരിശുദ്ധ പിതാവിനെ സന്ദർശിക്കാൻ ഒരു ചെറിയ സംഘത്തെ മാത്രമാണ് യുദ്ധമേഖലയിൽനിന്ന് പിൻവലിച്ചത്.

കത്തോലിക്കരായ അംഗങ്ങളെ മാത്രം സംഘത്തിൽ ഉൾപ്പെടുത്താനാണ് ബ്രിഗേഡിന്റെ അന്നത്തെ കമാൻഡർ ആദ്യം തീരുമാനിച്ചത്. എന്നാൽ പ്രൊട്ടസ്റ്റന്റുകാരായ അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഇരുകൂട്ടരും ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘത്തെയാണ് അന്ന് മാർപാപ്പയെ സന്ദർശിക്കാനായി അയച്ചത് - മേജർ ജനറൽ വെയിർ പറഞ്ഞു.

80 വർഷങ്ങൾക്കിപ്പുറം

ഡി-ഡെ എന്ന പേരിൽ അറിയപ്പെടുന്ന, ചരിത്രത്തിൽ അന്നേ വരെയുള്ള ഏറ്റവും വലിയ കര-നാവിക-വ്യോമ സേനകളുടെ സംയുക്ത പ്രത്യാക്രമണത്തിൻ്റെ 80-ാം വാർഷികത്തിന്റെ ഓർമ്മ പുതുക്കാനായി നോർമൻഡിയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവർ ഒത്തുചേർന്ന കാര്യവും മേജർ ജനറൽ അനുസ്മരിച്ചു. എൺപതു വർഷങ്ങൾക്കു മുമ്പ് ഐറിഷ് ബ്രിഗേഡിൻ്റെ ഒരു വിഭാഗം ഡി -ഡേയ്ക്കായി തയ്യാറെടുത്തപ്പോൾ മറ്റൊരു വിഭാഗം റോമിന്റെയും ഇറ്റാലിയൻ ഉപദ്വീപ് മുഴുവന്റെയും വിമോചനം ലക്ഷ്യമിട്ടു പോരാടുകയായിരുന്നു.

വടക്കു പടിഞ്ഞാറൻ യൂറോപ്പിലും തെക്കൻ യൂറോപ്പിലുമായി നടന്ന ആ രണ്ടു സൈനിക മുന്നേറ്റങ്ങളിലും ഐറിഷ് റെജിമെൻറ് സുപ്രധാന പങ്കുവഹിച്ചതായി ജനറൽ വെയിർ അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയെ ഒരു വലിയ അംഗീകാരമായാണ് മേജർ ജനറൽ വിശേഷിപ്പിച്ചത്. തൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമായിട്ടാണ് ഇതിനെ കാണുന്നതെന്ന് ജനറൽ വെയിർ പറഞ്ഞു.

സൈനികരുമായുള്ള കൂടിക്കാഴ്ചയിൽ സ്നേഹവായ്പ്പോടെ മാർപാപ്പ

വത്തിക്കാനിലെ യുകെ അംബാസഡർ ക്രിസ് ട്രോട്ടാണ് ഈ സന്ദർശനത്തിന് കളമൊരുക്കിയത്. മാർപാപ്പക്കൊപ്പം ഫോട്ടോയെടുക്കാൻ മാത്രമായിരുന്നു ആദ്യം പദ്ധതിയിട്ടതെന്ന് അംബാസഡർ ട്രോട്ട് പറഞ്ഞു. എങ്കിലും, അവർ എത്തിച്ചേർന്നപ്പോൾ റെജിമെന്റിലെ സംഗീതജ്ഞരോട് ഒരു പ്രകടനം നടത്തുവാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുകയായിരുന്നു. മാർപാപ്പയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതമായ ഈ നടപടി തന്നെ വളരെയധികം വികാരാധീനനാക്കിയതായി അംബാസിഡർ പറഞ്ഞു. റെജിമെൻ്റിൻ്റെ ബാഡ്ജും മാർപാപ്പയുടെ ചിഹ്നവും ഇരുവശങ്ങളിലായി പതിച്ച ഒരു ബാനർ മേജർ ജനറൽ മാർപാപ്പയ്ക്ക് സമ്മാനമായി നൽകി. അവർ നൽകിയ ഈ സമ്മാനത്തെ പാപ്പാ വളരെയധികം വിലമതിച്ചുവെന്ന് താൻ കരുതുന്നതായി അംബാസഡർ ട്രോട്ട് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.