മാഡ്രിഡ്: നിക്കരാഗ്വേയില്‍ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയും നാട് കടത്തുകയും ചെയ്ത ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന് സ്പാനിഷ് അവാര്‍ഡ്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും നിക്കരാഗ്വേന്‍ ജനതയോടുള്ള ബിഷപ്പ് അല്‍വാരസിന്റെ പ്രതിബദ്ധതയും അതിനു വേണ്ടി ഏറ്റെടുത്ത ത്യാഗവുമാണ് അദ്ദേഹത്തെ അന്താരാഷ്ട്ര അവാര്‍ഡിന് അര്‍ഹനാക്കിയത്.
ലിബര്‍ട്ടാസ് ഇന്റര്‍നാഷണല്‍ എന്ന പേരിലുള്ള അവാര്‍ഡ്, സ്‌പെയിനിലെ ഒവിഡോ ആര്‍ച്ച് ബിഷപ്പ് ജീസസ് സാന്‍സ് മോണ്ടസില്‍ നിന്ന് ബിഷപ്പ് അല്‍വാരസ് ഏറ്റുവാങ്ങി.
'ക്രിസ്തീയ ഐക്യദാര്‍ഢ്യത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. മോണ്‍. റൊളാന്‍ഡോയുടെ ഉദാഹരണം ക്രിസ്തുവിനും സുവിശേഷത്തിനും ജനതയുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാട്ടം തുടരുന്നതിനുള്ള പ്രചോദനമാണെന്ന് ആര്‍ച്ച് ബിഷപ്പ് ജീസസ് സാന്‍സ് അനുസ്മരിച്ചു.
ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദര്‍ശനത്തിനിടെയാണ് ബിഷപ്പ് അവാര്‍ഡ് സ്വീകരിച്ചത്. പ്രാദേശികവും അന്തര്‍ദേശീയവുമായ തലത്തില്‍ മൗലിക സ്വാതന്ത്ര്യം സംരക്ഷിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ആദരിച്ച് ഒവീഡോയിലെ അസോസിയേഷനാണ് ലിബര്‍ട്ടാസ് അവാര്‍ഡ് നല്‍കുന്നത്.
നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ നിലകൊണ്ട ബിഷപ്പ് റോളാന്‍ഡോ അല്‍വാരസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യം വിടാന്‍ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയത്. വൈകാതെ ബിഷപ്പിനെ 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
ഐക്യരാഷ്ട്ര സഭയും മനുഷ്യാവാകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവില്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ സഹായത്തോടെ, ജനുവരി 14 ഞായറാഴ്ച ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കിയ ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെ രണ്ട് മെത്രാന്മാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറി. നിക്കരാഗ്വയിലെ ജയിലില്‍ നിന്ന് നേരിട്ടു റോമിലേക്കായിരുന്നു ഇവരുടെ യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.