പട്ടിണിയില്‍ വലഞ്ഞ് സുഡാന്‍ ജനത; പോഷകാഹാരക്കുറവ് മൂലം നിത്യേനെ മരിച്ചു വീഴുന്നത് നൂറു കണക്കിന് കുഞ്ഞുങ്ങള്‍

പട്ടിണിയില്‍ വലഞ്ഞ് സുഡാന്‍ ജനത; പോഷകാഹാരക്കുറവ് മൂലം നിത്യേനെ മരിച്ചു വീഴുന്നത് നൂറു കണക്കിന് കുഞ്ഞുങ്ങള്‍

ഖാർത്തൂം: കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ മനുഷ്യ നിര്‍മിത ക്ഷാമത്തിന്റെ കെടുതിയിൽ ആഫ്രിക്കന്‍ രാജ്യമായ സുഡാൻ ജനത. നിത്യേന നൂറുകണക്കിന് കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് മൂലം അവിടെ മരിച്ചു വീഴുന്നത്. 40 വര്‍ഷം മുമ്പ് എത്യോപ്യ നേരിട്ട ക്ഷാമത്തിന്റെ രണ്ട് മടങ്ങോളം രൂക്ഷത അനുഭവിക്കുകയാണ് സുഡാന്‍ എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് രാജ്യത്തെ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധമാണ് സുഡാനെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിയിട്ടത്. സംഘര്‍ഷം കാരണം ഐക്യരാഷ്ട്ര സഭ നടത്തിവന്നിരുന്ന ഭക്ഷ്യവിതരണം പോലും നിലച്ച മട്ടാണ്.

സുഡാന് സഹായമെത്തിക്കാന്‍ യുഎന്‍ നടത്തിയ ആഹ്വാനം പോലും പരാജയപ്പെട്ട നിലയിലാണ്. ഇതുവരെ രാജ്യത്തിന് ആവശ്യമായ സഹായധനത്തിന്റെ 16 ശതമാനം മാത്രമാണ് സമാഹരിക്കാനായതെന്നും ആഫ്രിക്കന്‍ രാജ്യത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും ലോകം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നും യുഎന്നിലെ അമേരിക്കന്‍ അമ്പാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു.

സുഡാനിലെ വടക്കന്‍ ഡര്‍ഫര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യവിതരണം സുഡാനിലെ വിമത വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) തടയുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി വീതം പോഷകാഹാരം ഇല്ലാതെ മരിച്ചു വീഴുന്ന അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.