വിശ്വാസത്തിന്റെ പേരിൽ വിവേചനം നേരിട്ട് ബ്രിട്ടീഷ് ക്രൈസ്തവർ; പഠന റിപ്പോർട്ട് പുറത്ത്

വിശ്വാസത്തിന്റെ പേരിൽ വിവേചനം നേരിട്ട് ബ്രിട്ടീഷ് ക്രൈസ്തവർ; പഠന റിപ്പോർട്ട് പുറത്ത്

ലണ്ടൻ: ബ്രിട്ടനിൽ‌ വിവേചനങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നതായി പുതിയ റിപ്പോർട്ട്. ക്രിസ്ത്യൻ ഗ്രൂപ്പായ ‘വോയ്‌സ് ഫോർ ജസ്റ്റിസ് യു.കെ’ നടത്തിയ പഠന റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ. ‘ദി കോസ്റ്റസ് ഓഫ് കീപ്പിങ് ദി ഫെയ്ത്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ യുവജനങ്ങളാണ് വിശ്വാസത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്ക് കൂടുതൽ ഇരകളാകുന്നതെന്നും വെളിപ്പെടുത്തുന്നു.

1562 പേരുടെ ഇടയിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് സംഘടന തയ്യാറാക്കിയത്. 35 വയസിന് താഴെയുള്ള ക്രിസ്ത്യാനികളിൽ 56 ശതമാനം പേരും തങ്ങളുടെ മത വിശ്വാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് ശത്രുതയും പരിഹാസവും അനുഭവിക്കുന്നതിന് കാരണമാകുമെന്ന് വെളിപ്പെടുത്തി. 35 വയസിന് താഴെയുള്ളവരിൽ പകുതിയിലേറെപ്പേരും തങ്ങളുടെ ജോലി സ്ഥലത്ത് ക്രിസ്ത്യാനികളോടുള്ള നിഷേധാത്മകമായ പെരുമാറ്റങ്ങൾക്ക് ഇരകളാകുന്നു. പ്രതികരിച്ചവരിൽ 78 ശതമാനം പേരും മതപരമായ വിവേചനത്തെ മറ്റുതരത്തിലുള്ള വിവേചനങ്ങളെപ്പോലെ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ട് കണ്ടെത്തി.

“ക്രൈസ്തവ വിശ്വാസം ബ്രിട്ടീഷ് സമൂഹത്തിന്റെ അടിത്തറയാണ്. നമ്മുടെ സഹിഷ്ണുതയും വൈവിധ്യത്തോടുള്ള സ്വീകാര്യതയും അത് അടിവരയിടുന്നു. എന്നാൽ ഞങ്ങളുടെ സർവേ കാണിക്കുന്നത് യു.കെയിലെ ക്രിസ്ത്യാനികൾ ജോലിസ്ഥലത്തും സാമൂഹികമായും വിവേചനത്തിനും പാർശ്വവൽക്കരണത്തിനും കൂടുതൽ വിധേയരാകുന്നു എന്നാണ്. ക്രൈസ്തവരോട് സജീവമായി ശത്രുത പുലർത്തുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന് സമൂഹം ഇരയായി. ഇത് നമ്മുടെ നിയമത്തിന്റെ ലംഘനമാണ്. നമ്മുടെ സഹിഷ്ണുതയും സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കിൽ ക്രിസ്തുമതത്തെത്തന്നെ സംരക്ഷിക്കേണ്ടതുണ്ട്” – വോയ്സ് ഫോർ ജസ്റ്റിസിന്റെ ഡയറക്ടർ ലിൻഡ റോസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ക്രിസ്ത്യാനികൾ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വിവേചനം എന്നിവ അനുഭവിക്കുന്ന നൂറു കണക്കിന് സംഭവങ്ങൾ വെളിപ്പെടുത്തിയതായി ലിൻഡ റോസ് പറഞ്ഞു. പലപ്പോഴും തൊഴിൽ അല്ലെങ്കിൽ പ്രമോഷൻ സാധ്യതകളെ ദോഷകരമായി ബാധിക്കുന്നുവെന്നും ക്രൈസ്തവർ വെളിപ്പെടുത്തിയതായി ലിൻഡ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.