ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; ദശക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കും

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; ദശക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി കണ്ടെത്തിയതിനെതുടര്‍ന്ന് ദശക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കും. ഇറച്ചി ഉല്‍പാദനത്തിനായി വളര്‍ത്തുന്ന കോഴികളെയും താറാവുകളെയും പാര്‍പ്പിക്കുന്ന ഏഴ് ഫാമുകളെയാണ് പകര്‍ച്ചവ്യാധി ബാധിച്ചത്. ഫാമുകളില്‍ ഒന്നിനു പുറകെ ഒന്നായി പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.

തെക്ക്-പടിഞ്ഞാറന്‍ വിക്ടോറിയയിലുടനീളമുള്ള ഏഴ് ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കാട്ടുപക്ഷികളില്‍ നിന്ന് രോഗം വളര്‍ത്തുപക്ഷികളിലേക്ക് പടരുകയായിരുന്നു എന്നാണ് കരുതുന്നത്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

പക്ഷികളെ ബാധിക്കുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേഡ് ഫ്ളൂ. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് ഈ രോഗത്തിന് കാരണം. ഒരു പക്ഷിയില്‍ നിന്ന് മറ്റൊരു പക്ഷിയിലേക്കും മൃഗങ്ങളിലേക്കും പടരാന്‍ സാധ്യതയുള്ള രോഗമാണിത്. മറ്റ് പക്ഷികളിലേക്ക് വേഗം പടരുന്നതിനാലാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്.

മെയ് മാസത്തില്‍ മെറിഡിത്ത് എന്ന പ്രദേശത്തിനു സമീപമുള്ള ഫാമിലാണ് ആദ്യം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത്. തുടര്‍ന്ന് അതിവേഗം രോഗം പടരുകയായിരുന്നു.

ഏറ്റവും പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഫാമില്‍ 150,000 മുതല്‍ 200,000 വരെ മുട്ടയിടുന്ന കോഴികളുണ്ടെന്ന് വിക്ടോറിയയുടെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഗ്രേം കുക്ക് പറഞ്ഞു.

2020ല്‍ വിക്ടോറിയ സംസ്ഥാനത്ത് പക്ഷിപ്പനി ബാധിച്ച് ചത്ത വളര്‍ത്തുപക്ഷികളുടെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ പക്ഷിപ്പനി ബാധിച്ച് ചത്ത പക്ഷികളുടെ എണ്ണം. എമു, ടര്‍ക്കികള്‍, കോഴികള്‍ എന്നിവയുള്‍പ്പെടെ 400,000-ലധികം പക്ഷികള്‍ ചത്തൊടുങ്ങി.

വിക്ടോറിയയിലെ മുട്ടയും കോഴിയിറച്ചിയും ഉല്‍പ്പാദിപ്പിക്കുന്ന ഏറ്റവും വലിയ പ്രദേശങ്ങളിലൊന്നാണ് ഗോള്‍ഡന്‍ പ്ലെയിന്‍സ് ഷയര്‍. വിക്ടോറിയയില്‍ വിതരണം ചെയ്യുന്ന മുട്ടയുടെ നാലിലൊന്ന് ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. പക്ഷിപ്പനിയുടെ ഉയര്‍ന്ന രോഗകാരിയായ എച്ച്7എന്‍3 വകഭേദം കണ്ടെത്തിയ ഏഴ് ഫാമുകളില്‍ ആറെണ്ണം ഉള്‍ക്കൊള്ളുന്ന മേഖലയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26