ഒട്ടാവ: ഇറാന്‍ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിനെ (ഐ.ആര്‍.ജി.സി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഒപ്പം ഇറാനിലെ തങ്ങളുടെ പൗരന്‍മാരോട് രാജ്യം വിടാന്‍ കാനഡ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന അത്യപൂര്‍വ നടപടിയിലേക്കാണ് കാനഡ ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്. കാനഡയുടെ പ്രഖ്യാപനത്തെ ഇറാന്‍ അപലപിച്ചു.
ആഗോള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായും രാജ്യത്തെ ക്രിമിനല്‍ കോഡിന്റെ അടിസ്ഥാനത്തിലും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതായി കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇറാന്‍ ഭരണകൂടം ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇറാന് അകത്തും പുറത്തും ഐആര്‍ജിസി ഭീകരപ്രവര്‍ത്തനം നടത്തുന്നു, ഒപ്പം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും അതിന് കൊടി പിടിക്കുകയും ചെയ്യുന്നു. അതിനാല്‍ ആഗോള ഭീകരതയ്ക്കെതിരെ പോരാടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും പൊതുസുരക്ഷാ മന്ത്രി പറഞ്ഞു.
കാനഡയിലെ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്നുമുള്‍പ്പെടെ കാലങ്ങളായി ഉയരുന്ന ആവശ്യമായിരുന്നു ഇത്. ഐആര്‍ജിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മുതിര്‍ന്ന ഇറാനിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാനഡയില്‍ പ്രവേശിക്കുന്നത് വിലക്കുന്നതാണ് ഈ നീക്കം.
അതേസമയം, കാനഡയുടെ നടപടി ഒരു ഫലവും ഉണ്ടാക്കില്ലെന്നും റവല്യൂഷണറി ഗാര്‍ഡുകളുടെ ശക്തിയെ ദുര്‍ബലപ്പെടുത്താനാവില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു.
നേരത്തെ 2019-ല്‍ അമേരിക്കയും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ്(ഐ.ആര്‍.ജെ.സി) സ്ഥാപിച്ചത്. കര, നാവിക, വ്യോമ മേഖലകളില്‍ ഉള്‍പ്പെടെ 1,90000 സൈനികരാണ് റെവല്യൂഷനറി ഗാര്‍ഡിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.