ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു; ദൃശ്യങ്ങള്‍ പുറത്ത്

ചൈനീസ് റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു; ദൃശ്യങ്ങള്‍ പുറത്ത്

ബീജിങ്: ചൈന - ഫ്രാന്‍സ് സംയുക്ത ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റ് ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമാണ് അപകടം. റോക്കറ്റ് തകര്‍ന്ന് വീഴുന്നത് കണ്ട് പരിഭ്രാന്തരായി ജനങ്ങള്‍ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പ്രപഞ്ചത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ പ്രകാശ വിസ്‌ഫോടനത്തെക്കുറിച്ച് പര്യവേക്ഷണം നടത്താനായി വികസിപ്പിച്ച സ്‌പേസ് വേര്യബിള്‍ ഒബ്ജക്ട്‌സ് മോണിറ്ററിന്‍റെ (എസ്.വി.ഒ.എം) റോക്കറ്റാണ് അപകടം സൃഷ്ടിച്ചത്. എസ്.വി.ഒ.എം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് വീഴുകയായിരുന്നെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് മൂന്നിനാണ് തെക്ക് പടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലുള്ള ഷിചാങ് വിക്ഷേപണത്തറയില്‍ നിന്ന് ബഹിരാകാശ പേടകം ഉയര്‍ന്ന് പൊങ്ങിയത്. ലോങ് മാര്‍ച്ച് 2-സി റോക്കറ്റായിരുന്നു 930 കിലോ ഗ്രാം ഭാരമുള്ള പേടകം വഹിച്ച് ബഹിരാകാശത്തേക്ക് പറന്നത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ചൈനീസ് നാഷനല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരുന്നു.

എന്നാല്‍ വിക്ഷേപണം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പേടകത്തിലുണ്ടായ പൊട്ടിത്തെറിയിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ അടര്‍ന്നതെന്നാണു വിവരം. നിയന്ത്രണംവിട്ട റോക്കറ്റ് ചിന്നിച്ചിതറി ചൈനയുടെ ഭാഗത്തുതന്നെ ജനവാസമേഖലയില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതാദ്യമായാണ് ചൈനയും ഫ്രാന്‍സും ഒന്നിച്ച് ഒരു ബഹിരാകാശ ദൗത്യത്തിനിറങ്ങുന്നത്. ചൈനയുടെയും ഫ്രാന്‍സിന്റെയും എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് എസ്.വി.ഒ.എം വികസിപ്പിച്ചത്. ഇരു രാജ്യങ്ങളുടെയും രണ്ട് വീതം ഉപകരണങ്ങളാണ് പേടകത്തില്‍ ഘടിപ്പിച്ചിരുന്നത്. ശതകോടി പ്രകാശ വര്‍ഷങ്ങളെടുത്ത് ഭൂമിയിലെത്തുന്ന വെളിച്ച വിസ്‌ഫോടനത്തിനിടയാക്കുന്ന ഗാമാ റേ പൊട്ടിത്തെറിയെ കുറിച്ചു പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഏറ്റവും ദൂരെയുള്ള നക്ഷത്ര വിസ്‌ഫോടനങ്ങളായിരിക്കും ഉപഗ്രഹം നിരീക്ഷിക്കുക. ആകാശത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ക്ക് ഇതു വഴി തുറയ്ക്കുമെന്നാണ് ചൈനീസ് ബഹിരാകാശ ഏജന്‍സി പ്രതീക്ഷ പ്രകടിപ്പിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.