സ്പീക്കര്‍ സ്ഥാനാര്‍ഥിത്വം: ഇന്ത്യ സഖ്യത്തില്‍ കല്ലുകടി; തീരുമാനം അറിഞ്ഞില്ലെന്ന് തൃണമൂല്‍

സ്പീക്കര്‍ സ്ഥാനാര്‍ഥിത്വം: ഇന്ത്യ സഖ്യത്തില്‍ കല്ലുകടി;  തീരുമാനം അറിഞ്ഞില്ലെന്ന് തൃണമൂല്‍

ന്യൂഡല്‍ഹി: സ്പീക്കര്‍ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തില്‍ കല്ലുകടി. ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമര്‍ശനം.തൃണമൂലുമായി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

ഇക്കാര്യം കോണ്‍ഗ്രസ് വിശദീകരിക്കണം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

എന്നാല്‍ അവസാന നിമിഷം പെട്ടന്നെടുത്ത തീരുമാനമായിരുന്നുവെന്നാണ് വിഷയത്തില്‍ കോണ്‍?ഗ്രസ് നല്‍കുന്ന വിശദീകരണം. ഉച്ചയ്ക്ക് സഭ പിരിയുന്നതിന് മുമ്പ് പത്ത് മിനിറ്റ് സമയം മാത്രമാണ് ലഭിച്ചത്. അതിനിടയില്‍ കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്കുള്ള മത്സരം. മുഖ്യ പ്രതിപക്ഷ കക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്‌സഭയില്‍ കീഴ് വഴക്കമെങ്കിലും കഴിഞ്ഞ രണ്ട് തവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു.

ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിച്ചേ തീരൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ സഖ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.