അബൂജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങൾ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പ്രത്യേക ആശങ്കയുള്ള (സിപിസി) രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നൈജീരിയയെ ഒഴിവാക്കിയതില്‍ ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനെതിരെ പ്രതിഷേധം. സിപിസി പട്ടികയില്‍ നിന്ന് നൈജീരിയയെ ഒഴിവാക്കിയത് മതസ്വാതന്ത്ര്യത്തോടുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നയത്തിലെ പൊരുത്തക്കേട് വെളിപ്പെടുത്തുന്നതാണെന്ന് മതസ്വാതന്ത്ര്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് 200 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും മതസ്വാതന്ത്ര്യ സാഹചര്യത്തെ എടുത്തുകാണിക്കുന്നു. ലോകമെമ്പാടും കൂടി വരുന്ന മത അസഹിഷ്ണുതയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ അപലപിച്ചു. എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾ തിരഞ്ഞെടുക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന ലോക ദർശനമാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു.
മത സ്വാതന്ത്ര്യ ലംഘകരെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന് അറിയാമെങ്കിലും നൈജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ കാണിച്ച നിസംഗതയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളെ ആഭ്യന്തര ഏറ്റുമുട്ടലുകളായും വര്‍ഗീയവത്ക്കരിക്കപ്പെട്ട ഇസ്ലാമിക ഗ്രൂപ്പുകളേക്കാൾ വിഭവങ്ങൾക്കായുള്ള മത്സരത്തിൻ്റെ ഫലമായും അവതരിപ്പിച്ചത് തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ വിമർശിക്കാതിരിക്കുക എന്ന ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിശാലമായ അജണ്ടയുടെ ഭാഗമാണെന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ മതസ്വാതന്ത്ര്യ കേന്ദ്രത്തിൻ്റെ ഡയറക്ടർ നീന ഷിയ സിഎൻഎയോട് പറഞ്ഞു. ആക്രമണത്തിന് വിധേയരായ ക്രൈസ്തവര്‍ പ്രതിരോധമില്ലാത്തവരാണ്. അവർക്ക് അവരുടെ സ്വന്തം ഗവൺമെൻ്റുകളാൽ സംരക്ഷണം ലഭിക്കുന്നില്ല, കൂടാതെ അവർക്ക് സ്വന്തമായി പോരാളികള്‍ ഇല്ല. അതിനാൽ, അവർ വളരെ ദുർബലരാണെന്നും നീന ഷിയ കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നൈജീരിയ. നൈജീരിയൻ ജനസംഖ്യയുടെ പകുതിയോളം 111 ദശലക്ഷത്തിലധികം ആളുകൾ ക്രിസ്ത്യാനികളാണ്. നൈജീരിയൻ സർക്കാരിൽ മുസ്ലീങ്ങളാണ് ആധിപത്യം പുലർത്തുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളും ശരിയത്ത് നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായിരിന്നു. നൈജീരിയയിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) എന്ന അന്താരാഷ്ട്ര ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, നൈജീരിയയില്‍ 2021 ജനുവരിക്കും 2022 ജൂണിനുമിടയില്‍ 7,600 ക്രൈസ്തവര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.