മുംബൈ: ട്വന്റി 20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് 125 കോടി പാതിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ എക്‌സിലാണ് പ്രഖ്യാപനം നടത്തിയത്. ചാമ്പ്യന്‍മാരായതോടെ ഐ.സി.സിയുടെ പ്രൈസ് മണിയായ 20.42 കോടിയും ഇന്ത്യന്‍ ടീമിന് ലഭിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ കലാശ പോരാട്ടത്തില്‍ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ടൂര്‍ണമെന്റില്‍ ഉടനീളം ടീം അസാധാരണമായ മികവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചെന്നും എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനമെന്നും ജയ് ഷാ എക്സില്‍ കുറിച്ചു.
അതേസമയം ഇന്ത്യയോട് തോറ്റെങ്കിലും ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം 10.67 കോടി രൂപ) സമ്മാനതുകയായി ലഭിക്കും. സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും ഐ.സി.സിയുടെ സമ്മാന തുക ലഭിക്കും. ഇരു ടീമുകള്‍ക്കും 787,500 ഡോളര്‍ (ഏകദേശം 6.5 കോടി രൂപ) ലഭിക്കും.
ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ട്വന്റി 20 കിരീടത്തില്‍ മുത്തമിട്ടത്. 2013 ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഐ.സി.സി കിരീട നേട്ടം കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റേയും ഏകദിന ലോകകപ്പിന്റേയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.