പാലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ ഫാത്തിമ പേമാന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

പാലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ ഫാത്തിമ പേമാന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

കാന്‍ബറ: ഗാസ വിഷയത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായി സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ച ഭരണകക്ഷി സെനറ്റര്‍ ഫാത്തിമ പേമാന് സസ്‌പെന്‍ഷന്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള സെനറ്ററും അഫ്ഗാന്‍ വംശജയുമായ ഫാത്തിമ, പാലസ്തീനു വേണ്ടി പരസ്യമായി നിലകൊള്ളുന്നതില്‍ ഭരണകക്ഷി അംഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി നേതാവുമായ ആന്റണി അല്‍ബനീസിയാണ് സസ്‌പെന്‍ഷന്‍ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഗ്രീന്‍സ് പാര്‍ട്ടിയുടെ പ്രമേയത്തിന് ഫാത്തിമ പേമാന്‍ അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ലേബര്‍ എംപി സ്വന്തം പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു വിരുദ്ധമായി മറുകണ്ടം ചാടി മറ്റൊരു പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ആഭ്യന്തര നിയമങ്ങള്‍ പ്രകാരം അവരുടെ എംപിമാര്‍ക്ക് 'ക്രോസ് ദ ഫ്‌ളോര്‍' അനുവദനീയമല്ല.

ഗ്രീന്‍സ് പാര്‍ട്ടി സെനറ്ററായ ഡേവിഡ് പോക്കോക്ക്, സ്വതന്ത്ര സെനറ്ററായ ലിഡിയ തോര്‍പ്പ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ഫാത്തിമ പേമാന്‍ പാലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ നിലപാടിനെ തുരങ്കം വയ്ക്കുകയുന്ന നടപടിയാണ് ഫാത്തിമയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആന്റണി അല്‍ബനീസി ആരോപിച്ചു.

ഒരു വ്യക്തിയും പാര്‍ട്ടിയേക്കാള്‍ വലുതല്ല. സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കുകയാണെങ്കില്‍ ഫാത്തിമ പേമാനെ തിരിച്ച് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലസ്തീനെ സ്വതന്ത്ര രാജ്യമായി പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയും ചേരണമെന്ന് നേരത്തെ തന്നെ ഫാത്തിമ ആവശ്യമുന്നയിച്ചിരുന്നു. നേരത്തെ പാലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് പാര്‍ലമെന്ററി വിദേശകാര്യ സമിതികളില്‍ നിന്ന് ഫാത്തിമ പേമാന്‍ രാജിവച്ചിരുന്നു.

സെനറ്റര്‍ പേമാന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായ വിയോജിപ്പാണ് ഓസ്‌ട്രേലിയയിലെ ജൂത സംഘടനകള്‍ക്കുള്ളത്. അതേസമയം, ഗാസ വിഷയത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കാത്ത ലേബര്‍ പാര്‍ട്ടിക്കെതിരെ രാജ്യത്തെ അറബ്, മുസ്ലീം സമുദായാംഗങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. പേമാനെ ഒഴിവാക്കാനുള്ള തീരുമാനം ലേബറിന് ദോഷം ചെയ്യുമെന്ന് അവര്‍ വാദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26