കാന്‍ബറ: ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലു പേരാണ് പാര്‍ലമെന്റിന് മുകളില്‍ കയറിയത്. ഇവര്‍ പാലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ കറുത്ത ബാനറുകള്‍ ഉയര്‍ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേരെയും അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാരില്‍ ഒരാള്‍ മൈക്കിലൂടെ പാലസ്തീന് അനുകൂലമായും ഇസ്രയേലിനെതിരെയും പ്രസംഗിച്ചു. പാലസ്തീന്‍ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധം തുടരുമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.
നദി മുതല്‍ കടല്‍ വരെ പാലസ്തീന്‍ സ്വാതന്ത്രമാകും എന്നാണ് ഒരു ബാനറില്‍ എഴുതിയിരുന്നത്.
'ഞങ്ങള്‍ മറക്കില്ല, ഞങ്ങള്‍ ക്ഷമിക്കില്ല, ഞങ്ങള്‍ ചെറുത്തുനില്‍ക്കും' എന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ടായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒരു മണിക്കൂറോളം പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചു.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആഭ്യന്തരകാര്യ വക്താവ് ജെയിംസ് പാറ്റേഴ്സണ്‍ വിഷയത്തില്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു.
'ഇത് പാര്‍ലമെന്റിന്റെ സുരക്ഷയില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. ഇതുപോലുള്ള അതിക്രമങ്ങള്‍ തടയാനാണ് വന്‍ തുക ചെലവഴിച്ച് പാര്‍ലമെന്റ് കെട്ടിടം പരിഷ്‌കരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യമാണ്' - അദ്ദേഹം പറഞ്ഞു.
അതിക്രമിച്ചുകയറിയതിന് നാലു പേര്‍ക്കെതിരേയും കുറ്റം ചുമത്തി. പ്രതിഷേധത്തെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി അപലപിച്ചു. 'സമാധാനപരമായ പ്രതിഷേധത്തിന് നമ്മുടെ സമൂഹത്തില്‍ സ്ഥാനമുണ്ട്, എന്നാല്‍ ഇത് സമാധാനപരമായ പ്രതിഷേധമായിരുന്നില്ല' - പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.