സഭയിൽ സ്ത്രീകളുടെ പങ്കിനെയും ഉത്തരവാദിത്വങ്ങളെയും എടുത്തുപറഞ്ഞ് മെത്രാൻമാരുടെ സിനഡ് സമ്മേളനത്തിനായുള്ള പ്രവർത്തനരേഖ

സഭയിൽ സ്ത്രീകളുടെ പങ്കിനെയും ഉത്തരവാദിത്വങ്ങളെയും എടുത്തുപറഞ്ഞ് മെത്രാൻമാരുടെ സിനഡ് സമ്മേളനത്തിനായുള്ള പ്രവർത്തനരേഖ

വത്തിക്കാൻ സിറ്റി: ഒക്ടോബർ 2 മുതൽ 27 വരെ തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന മെത്രാൻമാരുടെ സിനഡിൻ്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ പ്രവർത്തന രേഖ (Instrumentum Laboris) ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തി. സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും ആവശ്യകത, സഭയിലെ സ്ത്രീകളുടെ പങ്ക് എന്നിവയ്ക്ക് രേഖയിൽ മുൻഗണന നൽകിയിട്ടുണ്ട്.

എങ്ങനെ ഒരു മിഷനറി സിനഡൽ സഭയാകാം? ഇതാണ് പ്രവർത്തനരേഖയിലെ സുപ്രധാന ചോദ്യം. 2023-ൽ നടന്ന പതിനാറാമത് ഓർഡിനറി ജനറൽ അസംബ്ലിയുടെ രണ്ടാം ഘട്ടമായിരിക്കും ഇത് നടത്തപ്പെടുക. ജൂലൈ 9-ന് പ്രസിദ്ധപ്പെടുത്തിയ പ്രവർത്തനരേഖയിൽ മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ ഒന്നുമില്ല. കൂട്ടായ്മയോടെയുള്ള പ്രേഷിത ദൗത്യ നിർവഹണത്തിൻ്റെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കുന്നതിനുള്ള സൂചനകളും നിർദ്ദേശങ്ങളും ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ജനങ്ങളോട് അടുത്തുനിൽക്കുന്ന, ഉദ്യോഗസ്ഥ മേധാവിത്വമില്ലാത്ത ഒരു സഭയായി മാറുക എന്ന ആവശ്യകതയെ മുൻനിർത്തിയാണ് പ്രവർത്തനരേഖ തയ്യാറാക്കിയിരിക്കുന്നത്. അതായത്, മാമോദീസ സ്വീകരിച്ച എല്ലാവരും അവരുടെ വിവിധ ശുശ്രൂഷകളിലും ചുമതലകളിലും കൂട്ടുത്തരവാദിത്വത്തോടെ പങ്കാളികളാകുന്ന മിഷനറി സിനഡൽ സഭയാവുക എന്നതാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

പ്രവർത്തനരേഖയുടെ അഞ്ചു ഭാഗങ്ങൾ

ആമുഖമുൾപ്പെടെ അഞ്ചു ഭാഗങ്ങളാണ് ഈ രേഖയ്ക്കുള്ളത്. സഭയിൽ സ്ത്രീകളുടെ പങ്ക്, അവരുടെ കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും, പ്രേഷിതമേഖലയിൽ സഭയുടെ സിനഡാത്മകത, സഭാശുശ്രൂഷകർക്ക് അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കണക്ക് ബോധിപ്പിക്കാനുള്ള ഉത്തരവാദിത്വം, അവ വിലയിരുത്താനുള്ള സംവിധാനങ്ങളുടെ ആവശ്യകത, സഭൈക്യ-മതാന്തര സംഭാഷണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഈ രേഖയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്.

സഭയിൽ സ്ത്രീകളെ വിലമതിക്കുന്നു

സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും അവരുടെ സിദ്ധികൾക്കും കർമ്മരംഗങ്ങൾക്കും പൂർണ്ണമായ അംഗീകാരം നൽകേണ്ടതിന്റെ ആവശ്യകതയും കർമ്മരേഖ ഊന്നിപ്പറയുന്നു. ദൈവം സ്ത്രീകളെ പുനരുദ്ധാനത്തിന്റെ ആദ്യ സാക്ഷികളും പ്രഘോഷകരുമായി തിരഞ്ഞെടുത്തതിനെ രേഖ അനുസ്മരിക്കുന്നു. അതിനാൽ, മാമോദിസയിലൂടെ സമ്പൂർണ്ണ സമത്വത്തിന് അവർ അർഹരാണ്. ആത്മാവിന്റെ ഒരേ ഫലങ്ങൾ സ്വീകരിച്ച് ക്രിസ്തുവിന്റെ ദൗത്യത്തിനായി അവരും വിളിക്കപ്പെട്ടിരിക്കുന്നു.

സ്ത്രീകളുടെ പങ്കാളിത്തവും ഉത്തരവാദിത്വവും

ചില സംസ്കാരങ്ങളിൽ പുരുഷ മേധാവിത്വം ഇന്നും പ്രബലമായി തുടരുന്നുണ്ട്. അതിനാൽ സഭയുടെ വിവേചനാധികാരത്തിലും രൂപതകളിലും സ്ഥാപനങ്ങളിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. കാനോൻ നിയമ നടപടികളിൽ വനിതാ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതും ആവശ്യമാണ്.

സമർപ്പിതരായ സ്ത്രീകളെയും നിർദ്ദേശങ്ങളിൽ പരിഗണിക്കുന്നുണ്ട്. അവരുടെ ജീവിതത്തിനും സിദ്ധികൾക്കും കൂടുതൽ അംഗീകാരവും പിന്തുണയും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലേക്കുള്ള അവരുടെ നിയമനവും കർമ്മരേഖ എടുത്തുപറയുന്നുണ്ട്.

ചില പ്രാദേശിക സഭകൾ സ്ത്രീകളെ ഡീക്കൻ ശുശ്രൂഷയിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിനുവേണ്ടി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന കാര്യം രേഖയിൽ പറയുന്നു. മതിയായ പരിശീലനം സിദ്ധിച്ച അല്മായരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വിശുദ്ധ കുർബാനയുടെ ആഘോഷവേളയിലുൾപ്പെടെ ദൈവവചന പ്രഘോഷണത്തിന് തങ്ങളുടെതായ സംഭാവനകൾ നൽകാൻ അവസരം ഒരുക്കുന്നതിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്.

ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം

ഒരു സിനഡൽ സഭയ്ക്ക് സുതാര്യതയുടെയും ഉത്തരവാദിത്വത്തിൻ്റെതുമായ സംസ്കാരവും പ്രയോഗവും ആവശ്യമാണ്. പൊതു ദൗത്യനിർവഹണത്തിന് ആവശ്യമായ പരസ്പരവിശ്വാസവും കൂട്ടുത്തരവാദിത്വവും വളർത്തിയെടുക്കണം. സാമ്പത്തിക അഴിമതികളും ലൈംഗിക ദുരുപയോഗങ്ങളും സഭയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ സുതാര്യതയും കൃത്യമായ കണക്കെടുപ്പുകളും ആവശ്യമാണെന്ന കാര്യം പ്രവർത്തനരേഖ എടുത്തുപറയുന്നുണ്ട്.
സഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവിധാനങ്ങളുടെ ആവശ്യകതയും ആസ്തികളും മറ്റ് വിഭവങ്ങളും കൈകാര്യം ചെയ്യുന്നതിന്റെ വാർഷിക റിപ്പോർട്ടുകളും അവയുടെ പ്രാധാന്യവും .രേഖയിൽ പരാമർശിക്കുന്നുണ്ട്.

വിവിധ സഭകളും മതങ്ങളും സംസ്കാരങ്ങളുമായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും രേഖ വിശകലനം ചെയ്യുന്നുണ്ട്. അതോടൊപ്പം ബഹുസ്വരതയെ അംഗീകരിക്കേണ്ടതിനെക്കുറിച്ചും അതിൽ പറയുന്നു.
2025-ലെ ജൂബിലി മുന്നിൽകണ്ട് പ്രത്യാശയുടെ തീർത്ഥാടകരായി യാത്ര തുടരാനുള്ള ക്ഷണത്തോടെയാണ് പ്രവർത്തനരേഖ അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.