കമല ഹാരിസ് ട്രംപായി, സെലെന്‍സ്‌കി പുടിനും; നാക്ക് പിഴയില്‍ വീണ്ടും വെട്ടിലായി ബൈഡന്‍

കമല ഹാരിസ് ട്രംപായി, സെലെന്‍സ്‌കി പുടിനും; നാക്ക് പിഴയില്‍ വീണ്ടും വെട്ടിലായി ബൈഡന്‍

വാഷിങ്ടൺ ഡിസി: സ്ഥാനാർഥിത്വത്തിലും ശാരീരിക ക്ഷമതയിലും ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ തന്നെ എത്തുമെന്ന് ആവർത്തിച്ച് ജോ ബൈഡൻ. വാഷിങ്ടണില്‍ നടന്ന നാറ്റൊ ഉച്ചകോടിക്ക് ശേഷമുള്ള വാർത്ത സമ്മേളനത്തില്‍ ബൈഡൻ നടത്തിയ പരാമർശങ്ങൾ ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ഇത്തവണ ബൈഡന് കുരുക്കായത് വൻ നാക്കുപിഴയാണ്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടായിരുന്ന വേദിയിൽ ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ബൈഡൻ മാറിവിളിച്ചത് 'പുടിൻ' എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം 'ട്രംപ്' എന്നുമാണ്. തന്റെ പ്രസംഗം തീർത്ത ശേഷം സെലൻസ്‌കിയെ മറുപടി പ്രസംഗത്തിനായി ക്ഷണിക്കുകയായിരുന്നു ബൈഡൻ. 'ഇനി ഞാൻ ഉക്രൈൻ പ്രസിഡന്റിനെ സംസാരിക്കാനായി ക്ഷണിക്കുകയാണ്. പുടിന് സ്വാഗതം' എന്നായിരുന്നു ബൈഡന്റെ നാക്കുപിഴ. ശേഷം തെറ്റ് മനസിലായ ബൈഡൻ ഉടനെ തന്നെ തിരുത്തി. എന്നാൽ ഇതിനെ തമാശ രീതിയിൽ മാത്രമാണ് സെലൻസ്‌കി കണ്ടത്.

ആദ്യ പൊതു സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം ബൈഡനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് ഈ നാക്കു പിഴകൾ ചർച്ചയാകുന്നത്. ബൈഡന് മറവി രോഗം ബാധിച്ചുവെന്ന് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ ബൈഡന് പാർക്കിൻസൺസ് രോഗമുണ്ട് എന്ന വാർത്ത വരെ പ്രചരിച്ചിരുന്നു. എന്നാൽ അവയെയെല്ലാം വൈറ്റ് ഹൗസ് തള്ളിയിരുന്നു.

അതേസമയം ബൈഡനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം തകൃതിയാണ്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ നടൻ ജോർജ് ക്ലൂണി രംഗത്തെത്തിയിട്ടുണ്ട്. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായ പ്രകടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.