അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ബൈഡനു മേല്‍ സമ്മര്‍ദവുമായി 17 ഡെമോക്രാറ്റ് അംഗങ്ങള്‍; സംഭാവനകള്‍ നല്‍കില്ലെന്ന് ഹോളിവുഡ് പ്രവര്‍ത്തകരും

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ബൈഡനു മേല്‍ സമ്മര്‍ദവുമായി 17 ഡെമോക്രാറ്റ് അംഗങ്ങള്‍; സംഭാവനകള്‍ നല്‍കില്ലെന്ന് ഹോളിവുഡ് പ്രവര്‍ത്തകരും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നു. ഓര്‍മക്കുറവും പ്രായാധിക്യവും അലട്ടുന്ന ബൈഡന്‍ മത്സരിക്കരുതെന്നാണ് ആവശ്യമുയരുന്നത്. യു.എസ് കോണ്‍ഗ്രസിലെ 17 ഡെമോക്രാറ്റിക് അംഗങ്ങള്‍ ബൈഡനോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി ഉക്രെയ്ന്‍ വിഷയത്തില്‍ നടന്ന യോഗത്തിലെ നാക്ക് പിഴയും ബൈഡന് തിരിച്ചടിയായി.

പ്രായാധിക്യത്തിന്റെ അവശതകള്‍ പേറുന്ന ബൈഡന് നവംബര്‍ അഞ്ചിലെ തെരഞ്ഞെടുപ്പില്‍ എതിരാളിയായ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാനാവില്ലെന്ന ആശങ്ക ഡെമോക്രാറ്റിക് ക്യാമ്പില്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞമാസം അവസാനം ട്രംപുമായി നടത്തിയ ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ അടിപതറിയതോടെയാണ് ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടത്.

യുഎസ് കോണ്‍ഗ്രസിലെ 17 ഡെമോക്രാറ്റിക് അംഗങ്ങളാണ് ബൈഡനോട് മത്സരത്തില്‍നിന്ന് പിന്മാറാന്‍ നേരിട്ട് ആവശ്യപ്പെട്ടത്. ബൈഡനു നാവുപിഴ അപൂര്‍വമല്ലെങ്കിലും ട്രംപുമായുള്ള സംവാദത്തില്‍ പരാജയപ്പെട്ടശേഷം ബെഡിന്റെ ഓരോ ചലനവും സൂക്ഷ്മമായി വിലയിരുത്തപ്പെടുകയാണ്.

ഇതിനിടെ പ്രധാന വരുമാന സ്രോതസുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയോട് മുഖം തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിക്കേണ്ട ഏകദേശം ഒന്‍പതു കോടി ഡോളറിന്റെ സംഭാവന പിന്‍വലിച്ചതായി പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജോര്‍ജ് ക്ലൂണിയായിരുന്നു. പ്രമുഖ വ്യവസായി കൂടിയായ ജോര്‍ജ് ക്ലൂണി ഡെമോക്രാറ്റുകളുടെ പ്രധാന ഫണ്ട് സ്രോതസുകൂടിയാണ്. താന്‍ ബൈഡനെ ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹമാണ് പാര്‍ട്ടിയ നയിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ജോര്‍ജ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികള്‍ എന്നതിനൊപ്പം പാര്‍ട്ടിയുടെ പ്രധാന വരുമാന മാര്‍ഗമായ ചലച്ചിത്ര പ്രവര്‍ത്തകരും ബൈഡനെതിരേ തിരഞ്ഞിരിക്കുകയാണ്. ഹോളിവുഡില്‍ നിന്നുള്ള ഡെമോക്രാറ്റുകളുടെ എ-ലിസ്റ്റ് സംഭാവന ദാതാക്കളില്‍ ഭൂരിഭാഗവും ബൈഡന്റെ പ്രായം ചൂണ്ടിക്കാട്ടി വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ട്. ഇവര്‍ പരസ്യമായി പിന്തുണ പിന്‍വലിച്ചിട്ടുമുണ്ട്. നോവലിസ്റ്റും തിരക്കഥാകൃത്തുമായ എയ്ലെറ്റ് വാള്‍ഡ്മാന്‍ ബൈഡനോടുള്ള വിയോജിപ്പിന്റെ പേരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു സംഭാവന കൊടുക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. തന്റെ പ്രതിഷേധമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വാള്‍ഡ്മാന്‍ പറയുന്നു.

ബൈഡന്‍ പിന്മാറുന്നതുവരെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സംഭാവന നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് തിരക്കഥാകൃത്ത് ഡാമെന്‍ ലിന്‍ഡലോഫും ഡെമോക്രാറ്റിക്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. റോബ് റെയ്‌നര്‍, അബിഗേല്‍ ഡിസ്‌നി, ജോണ്‍ കുസാക്ക്, സ്റ്റീഫന്‍ കിങ് തുടങ്ങിയവരും ബൈഡന്‍ വിഷയത്തില്‍ ഡെമോക്രാറ്റുകളോട് മുഖം തിരിച്ചുകഴിഞ്ഞു.

ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ പുടിന്‍ എന്നു വിളിച്ച ബൈഡന്റെ ഓര്‍മപ്പിശകിനെ റഷ്യയിലെ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. 'ക്രെംലിന്‍ നിയന്ത്രിക്കുന്ന റഷ്യാ അനുകൂലിയായ സ്ഥാനാര്‍ഥിയാണു താന്‍' എന്നു ബൈഡന്‍ തെളിയിച്ചെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പരിഹാസം.

എന്നാല്‍ നാവുപിഴ ആര്‍ക്കും സംഭവിക്കാം, നിങ്ങള്‍ അതുമാത്രം നോക്കിക്കൊണ്ടിരുന്നാല്‍ ഒരാളില്‍ അതേ കാണൂ എന്നു ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ബൈഡനെ പ്രതിരോധിച്ചു. ബൈഡന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം ഉച്ചകോടിയിലെ എല്ലാ സെഷനുകളിലും പങ്കെടുത്തുവെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.