തോട്ടിൽ വീണ ശുചീകരണ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ; മാലിന്യങ്ങള്‍ക്കടിയിലൂടെയുള്ള തിരച്ചിൽ ദുഷ്‌കരം

തോട്ടിൽ വീണ ശുചീകരണ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ; മാലിന്യങ്ങള്‍ക്കടിയിലൂടെയുള്ള തിരച്ചിൽ ദുഷ്‌കരം

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദേഹം. മൂന്നു മണിക്കൂറായി ഇദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.

തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോടു കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.

റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.