'ഐ ഹേറ്റ് ട്രംപ്'; സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി ട്രംപിന്റെ ഘാതകനാകാന്‍ ശ്രമിച്ചതെന്തിന്? ഉത്തരം തേടി എഫ്.ബി.ഐ

'ഐ ഹേറ്റ് ട്രംപ്'; സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി ട്രംപിന്റെ ഘാതകനാകാന്‍ ശ്രമിച്ചതെന്തിന്? ഉത്തരം തേടി എഫ്.ബി.ഐ

പെന്‍സില്‍വാനിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നേരെ വെടിവച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിന്റെ കുടുംബാംഗങ്ങളെ എഫ്.ബി.ഐ ചോദ്യം ചെയ്യുന്നത് തുടരുന്നു. വെടിവയ്പ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമിയുടേതെന്ന് കരുതുന്ന എആര്‍15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കണ്ടെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതിയുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2003 സെപ്റ്റംബര്‍ 20നാണ് ജനന തീയതിയെന്നും രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ വരുന്ന നവംബര്‍ അഞ്ചിലെ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യേണ്ടയാളായിരുന്നു.

സമീപ വര്‍ഷങ്ങളിലായി തീവ്ര ആശയങ്ങളുടെ വളര്‍ച്ചയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂണുപോലെ മുളച്ചുവരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഡാര്‍ക്ക് വെബും ഗെയിമിങ് പ്ലാറ്റ്‌ഫോമുകളും യുവതലമുറയെ പ്രതികൂലമായി സ്വാധീനിക്കുന്നു. തെറ്റായ വിവരങ്ങളുടെയും, ഗൂഢാലോചന സിദ്ധാന്തങ്ങളുടെയും പ്രചാരണം, അവിശ്വാസം, അക്രമ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

തോമസ് മാത്യു ക്രൂക്‌സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്രൂക്‌സും സര്‍ട്ടിഫൈഡ് ബിഹേവിയര്‍ കൗണ്‍സിലര്‍മാരാണ്. നടന്നതെന്താണെന്ന് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും മാതാപിതാക്കള്‍. ഇങ്ങനെയൊരു ആക്രമണം നടത്താനുള്ള കാരണമെന്താണെന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ലെന്ന് ക്രൂക്‌സിന്റെ ബന്ധുവും പ്രതികരിച്ചു.

2022-ല്‍ തോമസ് മാത്യു ക്രൂക്സ് ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാത്സ് ആന്‍ഡ് സയന്‍സ് ഇനിഷ്യേറ്റീവില്‍ നിന്ന് 500 ഡോളറിന്റെ സ്റ്റാര്‍ അവാര്‍ഡും തോമസ് മാത്യുവിന് ലഭിച്ചിട്ടുണ്ട്.

സഹപാഠികള്‍ക്കിടയില്‍ ശാന്ത സ്വഭാവമുള്ള, പഠനത്തിനും മറ്റും മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഇയാളെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈസ്‌കൂള്‍ കൗണ്‍സിലര്‍ പറയുന്നതനുസരിച്ച് സഹാനുഭൂതിയോടെ പെരുമാറിയിരുന്ന എന്നാല്‍ അന്തര്‍മുഖനായ ക്രൂക്ക്സിന് രാഷ്ട്രീയത്തില്‍ അറിവോ, താല്‍പ്പര്യമോ ഇല്ലായിരുന്നെന്ന് പറയുന്നു.

തോമസ് മാത്യു ക്രൂക്സിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വൈരാഗ്യമോ, അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായും വിവരം ലഭിച്ചിട്ടില്ല

സ്‌കൂള്‍ കാലഘട്ടത്തില്‍ തോമസ് റൈഫിള്‍ ടീമില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മോശം ഷൂട്ടറായതിനാല്‍ ടീമില്‍ ഇടം നേടാനായില്ലെന്ന് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ വാര്‍ത്താ ഏജന്‍സിയായ എ.പിയോട് പറഞ്ഞു. കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിലും ഗെയിമുകള്‍ കളിക്കുന്നതിലുമായിരുന്നു തോമസിന് താല്‍പ്പര്യമെന്ന് സഹപാഠികളിലൊരാള്‍ പറഞ്ഞു.

അതേസമയം, ഡെമോക്രാറ്റുകള്‍ക്കുവേണ്ടി പണം സ്വരൂപിക്കുന്ന ഇടതുചായ്‌വുള്ള 'ആക്റ്റ് ബ്ലൂ' എന്ന സംഘടനയ്ക്ക് ഇയാള്‍ 15 ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് 2021 ലെ ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷന്‍ രേഖകളിലുണ്ട്. ഈ സമയം പ്രതിക്ക് കൗമാരപ്രായമായിരുന്നു.

അതിനിടെ, താന്‍ ട്രംപിനും റിപ്പബ്ലിക്കന്‍സിനും എതിരാണെന്ന് തോമസ് മാത്യു പ്രഖ്യാപിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.

'എന്റെ പേര് തോമസ് മാത്യു ക്രൂക്സ്. ഞാന്‍ റിപ്പബ്ലിക്കന്‍മാരെ വെറുക്കുന്നു, ഞാന്‍ ട്രംപിനെ വെറുക്കുന്നു'- ഇങ്ങനെയാണ് വീഡിയോയിലുള്ളത്.

പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 6.45-നാണ് പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്. മരണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ട്രംപിന്റെ വലതു ചെവിക്കാണ് പരുക്കേറ്റത്.

രാഷ്ട്രീയ അക്രമങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് അമേരിക്കക്കാര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ എഡിറ്റോറിയയില്‍ പറയുന്നു. 'അക്രമം ജനാധിപത്യത്തിന് വിരുദ്ധമാണ്. ബുള്ളറ്റുകളല്ല, ബാലറ്റുകളായിരിക്കണം എപ്പോഴും അമേരിക്കക്കാര്‍ തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിക്കാനുള്ള മാര്‍ഗമായി തെരഞ്ഞെടുക്കേണ്ടത്.

ഈ രാജ്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് അമേരിക്കക്കാര്‍ക്കും വ്യക്തതയുണ്ടായിരിക്കണം. അക്രമം അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു.

ഡൊണാള്‍ഡ് ട്രംപ് അതിജീവിച്ച വധശ്രമം ഒരു രാഷ്ട്രത്തിന്റെ ഇരുണ്ട വശമാണ് തുറന്നു കാണിക്കുന്നത്. സാംസ്‌കാരികവും രാഷ്ട്രീയവുമായ ധ്രുവീകരണം നേരിടുകയാണ് രാജ്യം. എളുപ്പത്തില്‍ ആളുകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന തോക്കുകള്‍, പിടിമുറുക്കുന്ന ഇന്റര്‍നെറ്റ് ഇവയെല്ലാം തന്നെ അമേരിക്കയെ വീണ്ടും അന്ധകാരത്തിലേക്ക് തള്ളി വിടുകയാണ്'

ട്രംപിന്റെ അജണ്ടകളെ അക്രമത്തിലൂടെ എതിര്‍ക്കരുതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.