കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷിച്ചു

കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു;  ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെ ഫയര്‍ഫോഴ്‌സ്  സാഹസികമായി രക്ഷിച്ചു

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ കുടുങ്ങി. ഉച്ചയോടെയാണ് സംഭവം. ഇവര്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ നാല് പേരും പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.

ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ നാല് പേരാണ് പുഴയില്‍ കുടുങ്ങിയത്. പ്രായമായ ഒരു സ്ത്രീയും പുരുഷനും രണ്ട് യുവാക്കളുമാണ് കുടുങ്ങിയത്.

വെള്ളം കുത്തിയൊഴുകിയെത്തിയതോടെ നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നു. ഇതാണ് രക്ഷയായത്. വടം കെട്ടിയ ശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ രക്ഷപെടുത്തി. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു.

ശക്തമായ നീരൊഴുക്കിനെ അതിജീവിച്ചാണ് അതീവദുഷ്‌കരമായ രക്ഷാദൗത്യം ഫയര്‍ഫോഴ്‌സ് നടത്തിയത്. പുഴയില്‍ നാലുപേരും കുടുങ്ങിയ ഉടനെ തന്നെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

അര മണിക്കൂറിനുള്ളില്‍ തന്നെ  നാല്  പേരെയും പുറത്തെത്തിക്കാനായി. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതോടെയാണ് ചിറ്റൂര്‍ പുഴയില്‍ വെള്ളം കൂടിയത്.

പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് മുമ്പേ തന്നെ നാല് പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശക്തമായ നീരൊഴുക്കിനിടെയും നാല് പേരും ധൈര്യത്തോടെ അവിടെ നിലയുറപ്പിച്ചതും ഫയര്‍ഫോഴ്‌സ് സംഘത്തിനൊപ്പം നീരൊഴുക്കിനെ അതിജീവിച്ച് പുറത്തേക്ക് വന്നതും രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമായെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.