ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്ക് ഗ്രാന്‍ഡ് ഹയാത്ത് എറവാന്‍ എന്ന ആഢംബര ഹോട്ടലില്‍ ആറു വിദേശികളെ സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. രാജ്യത്തെ ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ തായ്ലന്‍ഡ് പ്രധാനമന്ത്രി വിശദ അന്വേഷണത്തിന് ഉത്തരവിട്ടു.
മരിച്ചവരില്‍ ഒരാളാണ് കൊലയാളിയെന്ന് സംശയിക്കുന്നു. മരിച്ച ആറു പേരും വിയറ്റ്‌നാമീസ് വംശജരാണ്. ഇവരില്‍ പലര്‍ക്കും യു.എസ്. പാസ്‌പോര്‍ട്ടുള്ളതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തിരയുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവര്‍ മുറിയെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ തിതി സാങ്സവാങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
ഹോട്ടലില്‍ തങ്ങിയ ഇവരുടെ മൃതദേഹങ്ങള്‍ ജൂലൈ 16ന് ഒരു മുറിയില്‍ കണ്ടെത്തുകയായിരുന്നു. എല്ലാവരും ചെക്ക് ഔട്ട് ചെയ്യാതെ വന്നതോടെയാണ് ജീവനക്കാര്‍ പരിശോധന നടത്തിയത്.
പൊലീസ് അന്വേഷണത്തില്‍ മുറിയിലെ ഗ്ലാസുകളിലും ചായപ്പാത്രത്തിലും മാരകമായ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ഒരു ടൂര്‍ ഗൈഡിനെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
ബാങ്കോക്കിലെ വാണിജ്യ നയതന്ത്ര മേഖലയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലാണ് ഗ്രാന്‍ഡ് ഹയാത്ത് എറവാന്‍.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഹോട്ടല്‍ സന്ദര്‍ശിച്ച തായ് പ്രധാനമന്ത്രി സ്രേത്ത തവിസിന്‍ വിഷയത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ടൂറിസത്തെ ബാധിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എല്ലാ ഏജന്‍സികളോടും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
മരണത്തെക്കുറിച്ച് വിയറ്റ്‌നാമീസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എംബസികളെ അറിയിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ എഫ്ബിഐ അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും തായ്‌ലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനമോ സുരക്ഷാ ലംഘനമോ ആയി ഇതിനെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.