ജോ ബൈഡന് കോവിഡ്; തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കും

ജോ ബൈഡന് കോവിഡ്; തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കും

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്‌ക്കിടെയാണ് ബൈഡന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയത്. പ്രസിഡന്റിന് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. രോഗ നിർണയത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടികളിൽ ബൈഡന് സംസാരിക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

ബൈഡന് വാക്‌സിൻ, ബൂസ്റ്റർ ഡോസുകൾ നൽകിയതായും നിലവിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമായിട്ടുള്ളുവെന്നും സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. “ഇന്ന് ഉച്ചതിരിഞ്ഞ് നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുന്നു. സുഖം പ്രാപിക്കുന്നത് വരെ ഞാൻ ക്വാറന്റൈനിൽ കഴിയും. ഈ സമയത്തും അമേരിക്കൻ ജനതയ്‌ക്കായി പ്രവർത്തിക്കുന്നത് തുടരും,” കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയ വിവരം അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ബൈഡൻ പറഞ്ഞു.

കോവിഡിന്റെ പൊതുവിലുള്ള ലക്ഷണങ്ങളായ ജലദോഷം, ചുമ, ചെറിയ രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ബൈഡനുണ്ടെന്ന് ഡോക്ടറുടെ കുറിപ്പ് ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ ബൈഡന്റെ പ്രായാധിക്യവും വീണ്ടുമൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കനുള്ള ആരോഗ്യ സ്ഥിതിയെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാക്കി മുന്നോട്ട് നീങ്ങുന്ന അവസരത്തിലാണ് 81 കാരനായ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.