ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജികള്‍. ഹര്‍ജിയില്‍ എന്‍ടിഎ, കേന്ദ്രം എന്നിവര്‍ നല്‍കിയ സത്യവാങ്മൂലം കക്ഷികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര വാദം. വ്യാപകമായ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും ബിഹാറിലെ ഒരു കേന്ദ്രത്തില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഒരാളെപ്പോലും വെറുതെ വിടില്ലെന്നും ഭാവിയില്‍ എന്‍ടിഎ നടത്തുന്ന പരീക്ഷകള്‍ കൂടുതല്‍ സുതാര്യമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം നീറ്റ് യുജി കൗണ്‍സിലിങിനായി കേന്ദ്രം നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ സീറ്റുകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നീറ്റ് കൗണ്‍സിലിങ് ജൂലൈ മൂന്നാം വാരം തുടങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി തുടക്കമിട്ടത്.
യുജി കൗണ്‍സിലിങില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മിറ്റി വിശദാംശങ്ങള്‍ തേടിയത്. കമ്മിറ്റി നല്‍കിയ നോട്ടീസ് അനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച വരെ സീറ്റ് വിവരങ്ങള്‍ സൈറ്റില്‍ നല്‍കാം. ഇത്തവണ നാലാം റൗണ്ട് വരെ അലോട്ട്മെന്റ് നടത്തി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.