ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താന്‍ 93 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് രണ്ട് മാസം കാലാവധിയുള്ള വിസരഹിത പ്രവേശനം അനുവദിച്ച് തായ്ലന്‍ഡ് സര്‍ക്കാര്‍. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിസ രഹിത യാത്രാ കാലയളവ് നിലവിലെ 30 ദിവസത്തില്‍ നിന്ന് 60 ദിവസമായി നീട്ടി. തായ് ഇമിഗ്രേഷന്‍ ബ്യൂറോ വഴി വിസ കാലയളവ് നീട്ടാം.
കഴിഞ്ഞ ദിവസം ഈ നിയമ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. നേരത്തേ 57 രാജ്യക്കാര്‍ക്കാണ് വിസ ഫ്രീ പ്രവേശനം അനുവദിച്ചിരുന്നത്. കോവിഡ് കാലത്തു തളര്‍ന്ന ടൂറിസം മേഖലയ്ക്ക് ഉണര്‍വുണ്ടാക്കാനാണ് പുതിയ നീക്കം. തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രേത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍.
തായ്ലന്‍ഡില്‍ ബാച്ചിലേഴ്സ് ബിരുദമോ അതിലും ഉയര്‍ന്ന ബിരുദമോ സമ്പാദിക്കുന്ന സന്ദര്‍ശക വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തരം ഒരു വര്‍ഷം വരെ ജോലി ചെയ്യുന്നതിനും രാജ്യം അനുവദിക്കും. അതോടൊപ്പം തന്നെ ഓണ്‍ലൈനായി ജോലികള്‍ ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്കായി 180 ദിവസം കാലാവധിയുള്ള വിസ നല്‍കാനും തായ്ലന്‍ഡിന് പദ്ധതിയുണ്ട്. ഡിജിറ്റല്‍ നൊമാഡ് വിസ എന്നാണിത് അറിയപ്പെടുന്നത്.
തായ്ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസം വ്യവസായത്തിനു വലിയ പങ്കുണ്ട്. ബുദ്ധക്ഷേത്രങ്ങള്‍, മലനിരകള്‍, ബീച്ചുകള്‍, ഫ്‌ളോട്ടിങ് മാര്‍ക്കറ്റുകള്‍, ആനകളുടെ പ്രദര്‍ശനം തുടങ്ങിയവയാണ് തായ്ലന്‍ഡിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024ലെ ആദ്യ ആറ് മാസങ്ങളില്‍ തായ്ലന്‍ഡില്‍ 17.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 35% വര്‍ധന. എന്നാല്‍ കോവിഡിന് മുമ്പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു കുറവാണ്.
സന്ദര്‍ശകരില്‍ ഭൂരിഭാഗവും ചൈന, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇതേ കാലയളവിലെ ടൂറിസം വരുമാനം 858 ബില്യണ്‍ ബാറ്റ് (23.6 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഇത് സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ നാലിലൊന്നില്‍ താഴെയാണ്.
ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് തായ്ലന്‍ഡിലെ സുവര്‍ണ ക്ഷേത്രങ്ങള്‍, വെളുത്ത മണല്‍ ബീച്ചുകള്‍, മനോഹരമായ പര്‍വതങ്ങള്‍, രാത്രി ജീവിതം എന്നിവയ്ക്കായി ഓരോ വര്‍ഷവും ഒഴുകി എത്താറുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.