'മുത്തശ്ശി പകര്‍ന്ന ആത്മീയ വെളിച്ചം'; നിരീശ്വരവാദിയില്‍ നിന്ന് കത്തോലിക്ക വിശ്വാസത്തിലേക്ക് മാറിയ സാക്ഷ്യം പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെഡി വാന്‍സ്

'മുത്തശ്ശി പകര്‍ന്ന ആത്മീയ വെളിച്ചം'; നിരീശ്വരവാദിയില്‍ നിന്ന് കത്തോലിക്ക വിശ്വാസത്തിലേക്ക് മാറിയ സാക്ഷ്യം പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെഡി വാന്‍സ്

വാഷിങ്ടണ്‍: നിരീശ്വരവാദിയില്‍ നിന്ന് 35-ാം വയസില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് എത്തിപ്പെട്ട സാക്ഷ്യമാണ് അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജെഡി വാന്‍സിനു പറയാനുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന വാന്‍സിനെ വരാനിരിക്കുന്ന ഭൗതിക നേട്ടങ്ങളൊന്നും ഭ്രമിപ്പിക്കുന്നില്ല. മറിച്ച് തന്റെ മുത്തശ്ശി പകര്‍ന്നു നല്‍കിയ ആത്മീയ വെളിച്ചത്തിലൂടെ തിരിച്ചറിഞ്ഞ കത്തോലിക്ക വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാനും തന്റെ രാജ്യത്തെ പുതിയ ദിശാബോധത്തിലൂടെ നയിക്കാനും ഈ ചെറുപ്പക്കാരന്‍ ആഗ്രഹിക്കുന്നു.

യു.എസ്. സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 39 കാരനായ ജെയിംസ് ഡേവിഡ് വാന്‍സ്. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ വൈസ് പ്രസിഡന്റാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വാന്‍സ് പിന്നിട്ട വഴികളെ മറക്കുന്നില്ല. മുത്തശ്ശിയുടെ അചഞ്ചലമായ ദൈവവിശ്വാസമാണ് തന്നെ പ്രചോദിപ്പിച്ചിട്ടുള്ളതെന്ന് ഒരു ലേഖനത്തില്‍ വാന്‍സ് എഴുതിയിട്ടുണ്ട്.

ഒഹായോയില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ജെഡി വാന്‍സ് ജനിച്ചത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. യുഎസ് സൈനികനായി ഇറാഖില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

യേലില്‍ നിന്ന് നിയമ ബിരുദം സ്വന്തമാക്കിയശേഷം താനൊരു നിരീശ്വരവാദിയായി മാറിയെന്നാണ് കരുതിയിരുന്നതെന്ന് വാന്‍സ് പറയുന്നു. വളര്‍ന്ന സാഹചര്യങ്ങളെ മറന്ന് ജീവിതത്തില്‍ സാമൂഹികമായും സാമ്പത്തികമായും ഉയരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടും യഥാര്‍ഥമായ സന്തോഷം അനുഭവിക്കാന്‍ വാന്‍സിന് കഴിഞ്ഞിരുന്നില്ല.

'മാമ' (Mamaw) എന്ന താന്‍ വിളിക്കുന്ന മുത്തശ്ശിയിലൂടെയാണ് ക്രിസ്തുവിനെ അറിയുന്നത്. 'അവര്‍ ആഴത്തിലുള്ള വിശ്വാസമുള്ള സ്ത്രീയായിരുന്നു' - വാന്‍സ് ഓര്‍ക്കുന്നു.

ഏതൊരു രാഷ്ട്രീയ തത്വചിന്തയെക്കാളും താന്‍ അന്വേഷിക്കുന്ന ലോകവീക്ഷണം, അത് തനിക്കരികിലുള്ള 'മാമയുടെ' ക്രിസ്തുവിശ്വാസമായിരുന്നു എന്നു വാന്‍സ് തിരിച്ചറിഞ്ഞു. ആരാധനക്രമവും റോമന്‍ ഇറ്റാലിയന്‍ സംസ്‌കാര സ്വാധീനങ്ങളും വാന്‍സിന് അപരിചിതമായിരുന്നെങ്കിലും കത്തോലിക്ക വിശ്വാസത്തെ അദ്ദേഹം കൂടുതല്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചു.

താന്‍ ഇടപെടുന്ന സമൂഹത്തിലും ലോകത്തിലും കൂടിവരുന്ന ധാര്‍മികമായ അധപതനങ്ങളും അനീതിയും വാന്‍സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ഈ പരിതസ്ഥിതി മാറ്റാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

നിരുപാധികം ക്ഷമിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുന്ന ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള വിശ്വാസം തന്നെ ഏറെ സ്വാധീനിച്ചു. 'തന്റെ മക്കളോട് ക്ഷമയോടെ പെരുമാറണമെന്നും കോപം നിയന്ത്രിക്കണമെന്നും വരുമാനത്തിനും അന്തസിനും മുകളിലായി കുടുംബത്തെ വിലമതിക്കണമെന്നും തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കണമെന്നും ഞാന്‍ ക്രിസ്തുവിശ്വാസത്തിലൂടെ മനസിലാക്കി' - വാന്‍സ് പറയുന്നു. അങ്ങനെ തന്റെ 35 മത്തെ വയസില്‍ മുത്തശ്ശിയിലൂടെ അറിഞ്ഞ കത്തോലിക്കാ സഭയില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു.

നമ്മെ സ്വയം പരിപോഷിപ്പിക്കാന്‍ ഇടയ്ക്കിടെ ദൈവശാസ്ത്ര പുസ്തകം വായിക്കുന്നതിനോ അല്ലെങ്കില്‍ സ്വന്തം പോരായ്മകളെക്കുറിച്ച് ചിന്തിക്കുന്നതിനോ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ ജീവനെയും അന്തസിനെയും മാനിച്ചുകൊണ്ടുള്ള നിലപാടുകളില്‍ നിലനില്‍ക്കാന്‍ ജെഡി വാന്‍സിന് പ്രചോദനമാകുന്നത് കത്തോലിക്കാ വിശ്വാസവും മൂല്യങ്ങളുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.