അര്‍ജുന്‍ ഇപ്പോഴും കാണാമറയത്ത്; കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

 അര്‍ജുന്‍ ഇപ്പോഴും കാണാമറയത്ത്; കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

അങ്കോള: അങ്കോള ഷിരൂര്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവര്‍ അര്‍ജുനെ (30) കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. നിലവില്‍ ഷിരൂരില്‍ കോരിച്ചൊരിയുന്ന മഴയാണ് നേരത്തെ രാത്രി പത്ത് വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കും. ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഉണ്ടാവാന്‍ 70 ശതമാനം സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറയുന്നു. അതിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ ഭാഗത്ത് റഡാറില്‍ ചില സിഗ്‌നലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തുടങ്ങിയതോടെയാണ് രക്ഷാദൗത്യം സജീവമായത്.

രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു. മഴ പെയ്തതോടെ റഡാര്‍ പരിശോധന മുടങ്ങി. മണ്ണിനടിയിലേക്ക് നാല് മീറ്റര്‍ മുതല്‍ അഞ്ച് മീറ്റര്‍ വരെ മാത്രമേ റഡാറിലൂടെ കാണാനാവൂ. മഴ പെയ്ത് ചെളി നിറഞ്ഞതോടെ ദൃശ്യം റഡാറില്‍ പതിയുന്നില്ലെന്ന് എന്‍.ഐ.ടിയിലെ വിദഗ്ധ സംഘം അറിയിച്ചു.

വാഹനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി നേരത്തെ സൂചന ഉണ്ടായെങ്കിലും അതല്ലെന്ന് പിന്നീട് ബോധ്യമായി. അര്‍ജുന്‍ ഓടിച്ചിരുന്ന ട്രക്ക് പുഴയില്‍ വീണിട്ടില്ലെന്ന് തിരച്ചില്‍ നടത്തിയ നാവിക സേന ഉറപ്പിച്ച് പറയുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അഞ്ചാം ദിവസത്തെ തിരച്ചില്‍ ആരംഭിച്ചത്. ലോറി കിടക്കുന്നുവെന്ന് കരുതുന്ന സ്ഥലത്ത് എത്താന്‍ അമ്പത് മീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കണം. ആറു മീറ്ററോളം ഉയരമുണ്ട് ഈ മണ്‍കൂനയ്ക്ക്. 150 മീറ്റര്‍ ഭാഗത്തെ മണ്ണ് മാറ്റിക്കഴിഞ്ഞു. മലയിടിഞ്ഞ് 60,000 ടണ്ണോളം വരുന്ന കല്ലും മണ്ണും പാതയിലേക്ക് പതിച്ചുവെന്നാണ് കണക്ക്. മലയില്‍ നിന്ന് എട്ടോളം ഉറവകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകുന്നതിനാല്‍ ചെളിയില്‍ മുങ്ങിയ സ്ഥലത്ത് ദുര്‍ഘട സാഹചര്യമാണ് ഉള്ളത്.

അര്‍ജുന്‍ അടക്കം പത്ത് പേരാണ് അത്യാഹിതത്തില്‍പ്പെട്ടത്. ഏഴ് പേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് തടി കൊണ്ടുവരാന്‍ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി അര്‍ജുന്‍ ഈ മാസം എട്ടിനാണ് പോയത്.16 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം ജിപിഎസ് സാന്നിധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെന്‍സ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് അര്‍ജുനെ കാണാനില്ലെന്ന വിവരം നാട്ടില്‍ അറിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.