ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജനീറയ്ക്ക് സമീപമുള്ള കടല്‍തീര്‍ത്തു നിന്നുള്ള സ്രാവുകളില്‍ ഉയര്‍ന്ന അളവില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ബ്രസീലിയന്‍ ഷാര്‍പ്നോസ് സ്രാവുകളുടെ പേശികളിലും കരളിലുമാണ് കൂടിയ അളവില്‍ കൊക്കെയ്ന്‍ കണ്ടെത്തിയത്. സമുദ്രജല ജീവികളില്‍ മയക്കുമരുന്നിന്റെ സാന്നിധ്യത്തെക്കുറിച്ച് ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
13 സ്രാവുകളിലാണ് പരിശോധന നടത്തിയത്. അവയില്‍ മുഴുവനിലും കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. ഇതിന്റെ സാന്ദ്രത മറ്റ് സമുദ്രജല ജീവികളില്‍ മുമ്പ് കണ്ടെത്തിയതിനേക്കാള്‍ 100 മടങ്ങ് കൂടുതലാണ്. ഈ മയക്കുമരുന്നിന്റെ സാന്നിധ്യം സ്രാവുകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'കൊക്കെയ്ന്‍ ഷാര്‍ക്ക്' എന്ന തലക്കെട്ടില്‍ സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
പല സാധ്യതകളും ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. അനധികൃത മയക്കുമരുന്ന ഉത്പാദന ലാബുകളിലെ ഡ്രെയിനേജ് വഴിയോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസര്‍ജ്യങ്ങള്‍ അടങ്ങിയ സംസ്‌കരിക്കാത്ത മലിനജലത്തില്‍ നിന്നോ ഇവ സമുദ്ര ആവാസവ്യവസ്ഥയില്‍ പ്രവേശിച്ചിരിക്കാമെന്ന് കരുതുന്നു. മയക്കുമരുന്ന് കള്ളക്കടത്തുകാരില്‍ നിന്ന് നഷ്ടപ്പെട്ടതോ കടലില്‍ തള്ളിയതോ ആയ കൊക്കെയ്നില്‍ നിന്ന് സ്രാവുകള്‍ അത് ഭക്ഷിച്ചിരിക്കാമെന്നും ഗവേഷകര്‍ പറഞ്ഞു.
'സ്രാവുകള്‍ വലിയ തോതില്‍ കൊക്കെയ്ന്‍ അകത്താക്കിയെന്നാണ് പരിശോധന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൊക്കെയ്ന്‍ തലച്ചോറിനെയാണ് ബാധിക്കുന്നത്. കൊക്കെയ്ന്‍ മറ്റു മൃഗങ്ങളില്‍ ഹൈപ്പര്‍ ആക്ടീവ്, ക്രമരഹിതമായ പെരുമാറ്റം എന്നിവയ്ക്കെല്ലാം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. മയക്കുമരുന്ന് സ്രാവുകളുടെ സ്വഭാവത്തെയും ആരോഗ്യത്തെയും എത്രത്തോളം ബാധിക്കും എന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഇത് ഹാനികരമാണെന്നാണ് കരുതുന്നത്' - ഇക്കോടോക്സിക്കോളജിസ്റ്റായ ഡോ. എന്‍ റിക്കോ മെന്‍ഡെസ് സാഗിയോറോ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.