'തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നൽകാൻ': യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

'തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് പുതിയ തലമുറക്ക് അവസരം നൽകാൻ': യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിങ്ടണ്‍: പുതിയ തലമുറക്ക് അവസരം നല്‍കി രാജ്യത്തെ ഒന്നിപ്പിക്കാനാണ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അദേഹം ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

''പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. പൊതുജീവിതത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. എന്നാലിപ്പോള്‍ പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണ്''- ബൈഡന്‍ പറഞ്ഞു.

''രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തവണ നമ്മളെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന്റെ ഗതി നിർണയിക്കും. രാജ്യം മുന്നോട്ട് പോകണോ പിന്നോട്ട് പോകണോയെന്ന് നമ്മൾ തീരുമാനിക്കണം. വെറുപ്പും വിഭജനവും വേണോ അതോ പ്രതീക്ഷയും ഐക്യവും വേണോ എന്ന് തീരുമാനിക്കണം''- ബൈഡന്‍ വ്യക്തമാക്കി.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതോടെ ശേഷിക്കുന്ന കാലയളവിൽ ഉഴപ്പുമെന്ന വിമർശനങ്ങൾക്കും ബൈഡൻ മറുപടി നൽകി. പ്രസിഡണ്ട് എന്ന നിലയിൽ വരുന്ന ആറ് മാസം തന്റെ ജോലിയില്‍ ശ്രദ്ധ പതിപ്പിക്കുമെന്നായിരുന്നു ബൈഡന്റെ മറുപടി. കുടുംബ ചെലവുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ്  തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുളള ബൈഡന്റെ തീരുമാനം. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണെമന്ന് ഡെമോക്രാറ്റുകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം ബൈഡന് വലിയ തിരിച്ചടിയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.