കൗമാരക്കാരന്റെ കുത്തേറ്റ് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇംഗ്ലണ്ടില്‍ പലയിടത്തും കലാപം; അപലപിച്ച് ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ്

കൗമാരക്കാരന്റെ കുത്തേറ്റ് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇംഗ്ലണ്ടില്‍ പലയിടത്തും കലാപം; അപലപിച്ച് ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ്

സൗത്ത്പോര്‍ട്ട്: ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ കൗമാരക്കാരന്റെ കത്തിക്കുത്തേറ്റ് മൂന്ന് കുട്ടികള്‍ മരിക്കുകയും മറ്റ് ഒന്‍പത് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി ലിവര്‍പൂള്‍ അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോണ്‍. ആക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ തന്നോടൊപ്പം ചേരാന്‍ ആര്‍ച്ച് ബിഷപ്പ് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

'മരണപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍, പരിക്കേറ്റവര്‍, കുടുംബാംഗങ്ങള്‍, അടിയന്തര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എല്ലാവര്‍ക്കും ദൈവത്തിന്റെ അനുഗ്രഹത്തിനും സമാധാനത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു' - ആര്‍ച്ച് ബിഷപ്പ് മക്മഹോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

'സമാധാനത്തിനും രോഗശാന്തിക്കും നീതിക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ദുരിതമനുഭവിക്കുന്നവരുടെ സാന്ത്വനമായ പരിശുദ്ധ മാതാവിന്റെ സ്നേഹനിര്‍ഭരമായ മാധ്യസ്ഥത്തിന് എല്ലാവരെയും ഭരമേല്‍പ്പിക്കാം. എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളോടൊപ്പമുണ്ട്' - ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സഹായ മെത്രാന്‍ ടോം നെയ്ലോണും ഒമ്പത് പ്രാദേശിക പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ നേതാക്കളും ചേര്‍ന്ന് ആക്രമണത്തെ അപലപിച്ചു. 'ജീവിതം വിലപ്പെട്ട ഒരു സമ്മാനമാണ്, അത് കുഞ്ഞുങ്ങളില്‍ നിന്ന് എടുക്കുന്നത് ശരിക്കും ഹൃദയഭേദകമാണ്' - സംയുക്ത പ്രസ്താവനയില്‍ സഭാ നേതാക്കള്‍ പറയുന്നു.

'ജീവന്‍ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ ഭയാനകമായ സംഭവത്തിന്റെ ഇരകളായ എല്ലാവരെയും ഞങ്ങള്‍ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഓര്‍ക്കുന്നു. എല്ലാ രൂപത്തിലുമുള്ള ക്രൂരതയ്ക്കും ആക്രമണത്തിനും എതിരെ നിലകൊള്ളാന്‍ നാം സ്വയം പ്രതിജ്ഞാബദ്ധരാണ്, സുരക്ഷിതവും കരുതലുള്ളതുമായ സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്കു പരിശ്രമിക്കാമെന്നും ഓര്‍മിപ്പിച്ചാണ് പ്രസ്താവന ഉപസംഹരിക്കുന്നത്.

ആറു മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല അവധിക്കാല പരിപാടിയായ 'ടെയ്‌ലര്‍ സ്വിഫ്റ്റ് യോഗ ആന്‍ഡ് ഡാന്‍സ് ശില്‍പശാലയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ആറ് വയസുകാരി ബെബെ കിംഗ്, ഏഴ് വയസുള്ള എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസുകാരി ആലിസ് ഡാസില്‍വാ അഗ്വിയര്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കുട്ടികളെ അക്രമണത്തില്‍ നിന്നും രക്ഷിക്കാനായി ധൈര്യപൂര്‍വ്വം പ്രതിരോധവുമായി രംഗത്ത് വന്ന രണ്ട് വനിതാ അധ്യാപകരുടെയും പരിക്കുകള്‍ ഗുരുതരമാണ്. പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ നിരവധി പേര്‍ക്ക് പരുക്കേറ്റ നിലയിലായിരുന്നു. ഇവരില്‍ അധികവും കുട്ടികളായിരുന്നു.

ലങ്കാഷയര്‍ ബാങ്ക്സില്‍ നിന്നുള്ള 17-കാരനെയാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്. 18 വയസില്‍ താഴെ പ്രായമുള്ളതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അക്രമിക്കെതിരെ കൊലക്കുറ്റം ചുമത്തി, ഒപ്പം 10 വധശ്രമ കേസുകളും ആയുധം കൈവശം സൂക്ഷിച്ചതിനുമുള്ള കേസുകളുമുണ്ട്. പ്രതി കാര്‍ഡിഫില്‍ ജനിച്ച വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലങ്കാഷയര്‍ പോലീസും തീവ്രവാദ വിരുദ്ധ സേനയും സംഭവത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം യുകെയിലേക്കെത്തിയ അഭയാര്‍ത്ഥിയാണ് കൊലയാളിയെന്ന് ഓണ്‍ലൈനില്‍ നടന്ന വ്യാജപ്രചാരണം സൗത്ത്പോര്‍ട്ടില്‍ കലാപത്തിന് തിരികൊളുത്തി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങളില്‍ അന്‍പതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ആക്രമണം ഹാര്‍ട്ടില്‍പൂള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. പൊലീസ് വാനുകള്‍ക്ക് തീയിടുകയും സൗത്ത്പോര്‍ട്ട് പട്ടണത്തിലെ മസ്ജിദില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിയുകയും ചെയ്തു. ആക്രമണം നടത്തിയ നൂറിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ബുധനാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വസതിക്കു വെളിയില്‍ ആയിരക്കണക്കിനാളുകള്‍ കുടിയേറ്റവിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രക്ഷോഭം നടത്തിയിരുന്നു. ഇരകളുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.