സൗത്ത്‌പോര്‍ട്ട്: ബ്രിട്ടനിലെ സൗത്ത്‌പോര്‍ട്ടില്‍ കുട്ടികളുടെ നൃത്തപരിശീലന ക്യാമ്പിനിടെ മൂന്ന് കൊച്ചു പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. രാജ്യത്ത് കലാപത്തിന് തീ കൊളുത്തിയ ആക്രമണത്തിന് പിന്നില്‍ 17 കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ലിവര്‍പൂളിലെ കോടതിയില്‍ ഹാജരാക്കി, മൂന്ന് കൊലപാതകങ്ങളും പത്ത് കൊലപാതക ശ്രമങ്ങളും ചുമത്തി. യുകെയുടെ ചില ഭാഗങ്ങളില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ്, പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കിലും പ്രതിയുടെ പേര് പരസ്യമാക്കാന്‍ കോടതി ഉത്തരവിട്ടത്.
ലങ്കാഷെയറിലെ ബാങ്ക്‌സില്‍ നിന്നുള്ള 17 കാരനായ ആക്സല്‍ മുഗന്‍വ റുദകുബാന സൗത്ത്പോര്‍ട്ടിലെ ഡാന്‍സ് ക്ലാസില്‍ വച്ചായിരുന്നു ആക്രമണം നടത്തിയത്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു, മറ്റ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറ് വയസുള്ള ബെബെ കിംഗ്, ഏഴ് വയസുള്ള എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്, ഒമ്പത് വയസുള്ള ആലീസ് ദസില്‍വ അഗിയാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കത്തി കൈവശം വച്ചതിനും കൗമാരക്കാരനെതിരെ കേസെടുത്തിട്ടുണ്ട്. വെയ്ല്‍സില്‍ ജനിച്ച പ്രതിയുടെ മാതാപിതാക്കള്‍ റുവാണ്ടയില്‍ നിന്നുള്ളവരാണ്.
ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ജുവനൈല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 18 വയസ് പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കുന്നത് കൊണ്ടാണ് കോടതി പ്രതിയുടെ വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്താതിരുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ, വിഷയത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ ഒഴിവാക്കാനാണ് പ്രതിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാന്‍ ജഡ്ജി ആന്‍ഡ്രൂ മെനറി തയാറായത്.
സൗത്ത്‌പോര്‍ട്ടിലെ സംഭവത്തിന് ശേഷം അക്രമാസക്തമായ പ്രതിഷേധമാണ് നടന്നത്. ആളുകള്‍ അക്രമാസക്തരായി പോലീസ് വാന്‍ കത്തിക്കുകയും, 53 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടന്‍, ഹാര്‍ട്ട്പൂള്‍, മാഞ്ചസ്റ്റര്‍, ആല്‍ഡര്‍ഷോട്ട് തുടങ്ങിയ ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളിലേക്കും സംഘര്‍ഷം വ്യാപിക്കുകയും ബുധനാഴ്ച രാത്രി 100-ലധികം പ്രതിഷേധക്കാര്‍ അറസ്റ്റിലാവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.