കുടിയേറ്റ വിരുദ്ധ കലാപത്തില്‍ വലഞ്ഞ് ബ്രിട്ടന്‍; റോതര്‍ഹാം ഹോട്ടല്‍ ആക്രമിച്ച് തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍; മലയാളിയും ആക്രമണത്തിനിരയായി

കുടിയേറ്റ വിരുദ്ധ കലാപത്തില്‍ വലഞ്ഞ് ബ്രിട്ടന്‍; റോതര്‍ഹാം ഹോട്ടല്‍ ആക്രമിച്ച് തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍; മലയാളിയും ആക്രമണത്തിനിരയായി

ലണ്ടന്‍: യു.കെയിലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസവും തുടരുന്നു. റോതര്‍ഹാമില്‍ കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ ആക്രമിച്ചു. എഴുന്നൂറോളം കലാപകാരികള്‍ റോതര്‍ഹാമിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസ് എന്ന ഹോട്ടലിലേക്ക് ഇരച്ച് കയറുകയും കെട്ടിടത്തിന്റെ ജനല്‍ അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്തു.

സംഘര്‍ഷത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്. എന്നാല്‍ ഹോട്ടലിലെ ജീവനക്കാര്‍ക്കോ ഹോട്ടലില്‍ താമസിക്കുന്നവര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്ന് കൊച്ചു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങളാണ് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം. ഇത് ബ്രിട്ടനിലെങ്ങും കത്തിപ്പടരുകയാണ്. സൗത്ത്‌പോര്‍ട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്നായിരുന്നു പ്രചാരണം.

ലണ്ടനും മാഞ്ചസ്റ്ററും ബര്‍മിങ്ങാമും ഉള്‍പ്പെടെുള്ള വന്‍ നഗരങ്ങളിലും ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ്, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ്, ബോള്‍ട്ടണ്‍, മിഡില്‍സ്ബറോ, വേമൗത്ത്, റോതര്‍ഹാം തുടങ്ങി ഇരുപത്തഞ്ചോളം പട്ടണങ്ങളിലുമാണ് കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്. നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഹോട്ടലിന് നേരെ അക്രമം ഉണ്ടായത്.

ഹോട്ടലിലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആള്‍ക്കൂട്ടം ഇംഗ്ലണ്ട് പതാകകളില്‍ പൊതിഞ്ഞ് ഇഷ്ടികകളും ബിയര്‍ കുപ്പികളും മരക്കഷ്ണങ്ങളും കസേരകളും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിഞ്ഞു.

അക്രമികളെ നേരിടാന്‍ പലേടത്തും കുടിയേറ്റക്കാരും രംഗത്തിറങ്ങിയതോടെ പല നഗരങ്ങളിലും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. കടകള്‍ കൊള്ളയടിച്ചു.

മലയാളിയും ആക്രമണത്തിനിരയായി

കഴിഞ്ഞ ദിവസം ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയും പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചു വിട്ടു. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം.

മലയാളി യുവാവ് നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തള്ളിത്താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും.

സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്. ഇംഗ്ലണ്ടില്‍ ഉള്‍പ്പടെ കറുത്തവര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രണമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണിത്.

ബെല്‍ഫാസ്റ്റില്‍ അക്രമികള്‍ ഏഷ്യന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയ്ക്കു കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. ഇപ്പോഴും നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നുണ്ട്. ലിവര്‍പൂളില്‍ കഴിഞ്ഞ ദിവസം ഏഷ്യന്‍ യുവാവിനു കുത്തേറ്റിരുന്നു.

മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ആഹ്വാനം ചെയ്തു. അക്രമത്തിന്റെ ഭാഗമായവര്‍ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്ഥലങ്ങളിലും ആരാധനയലങ്ങള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കുടിയേറ്റക്കാര്‍ക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടനിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രിവൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരും ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ മലയാളികളാണ് കൂടുതല്‍ ആശങ്കയിലായിരിക്കുന്നത്.

കഴിഞ്ഞാഴ്ച്ചയാണ് സൗത്ത്‌പോര്‍ട്ടില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന്‍ കുത്തിക്കൊന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്‌സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.