കല്‍പറ്റ: വയനാട്ടിലെ ചൂരല്‍മലയെയും മുണ്ടക്കൈയെയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഒരാഴ്ച പിന്നിടുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ ഇന്ന് തിരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുക. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേര്‍ ഇന്ന് രാവിലെ എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടില്‍ എത്തിച്ചേരും. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും. ഇനിയും പരിശോധിക്കാത്ത മേഖലകളിലാണ് ഇന്ന് പരിശോധന നടത്തുക. തിങ്കളാഴ്ച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. 31 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളുമാണ് ഇന്നലെ സംസ്‌കരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.