ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
വിനേഷ് ഫോഗട്ടിന്റെ ചോരക്കണ്ണീരിന് കാരണമായ അധികാര വ്യവസ്ഥ ഇന്ന് ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞുവെന്നും പാരിസിലെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിവരെ മുഴങ്ങുന്നുവെന്നും രാഹുല്‍ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
'ലോകത്തെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ ഒരേ ദിവസം തോല്‍പ്പിച്ചതിന്റെ വൈകാരികമായ ആവേശത്തിലാണ് വിനേഷ് ഫോഗട്ടിനൊപ്പം രാജ്യം മുഴുവന്‍. വിനേഷിന്റേയും ഒപ്പമുള്ളവരുടേയും സമരത്തെ തള്ളിപ്പറയുകയും അവരുടെ ഉദ്ദേശ്യത്തേക്കുറിച്ചും കഴിവിനേക്കുറിച്ചു പോലും സംശയം ഉന്നയിക്കുകയും ചെയ്തവര്‍ക്കെല്ലാം ഉത്തരം ലഭിച്ചു കഴിഞ്ഞു'- രാഹുല്‍ ഗാന്ധി പറഞ്ഞു.
'ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നില്‍ ഇന്ന് അധികാര വ്യവസ്ഥയാകെ നഗ്നമാക്കപ്പെട്ടിരിക്കുന്നു. ചാമ്പ്യന്മാര്‍ അങ്ങനെയാണ്, അവര്‍ ഗോദയിലാണ് മറുപടി നല്‍കുക. ആശംസകള്‍ വിനേഷ്, നിങ്ങളുടെ വിജയത്തിന്റെ പ്രതിധ്വനി ഡല്‍ഹിയില്‍ വരെ വ്യക്തമായി കേള്‍ക്കുന്നു'- രാഹുല്‍ എക്സില്‍ കുറിച്ചു.
ബിജെപി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂണ്‍ ശരണ്‍ സിങിനെതിരെ 2023 ല്‍ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തേയും തുടര്‍ന്ന് ബിജെപി പക്ഷത്തുനിന്ന് നേരിട്ട വിമര്‍ശനങ്ങളേയും പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
2012 മുതല്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ നടത്തിയ ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്നായിരുന്നു വിനേഷ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സമരം.
വിനേഷ് ഫോഗട്ടിനൊപ്പം ബജ്രംഗ് പുനിയ, രവി ദഹിയ, സാക്ഷി മാലിക്, സംഗീത ഫാഗോട്ട് തുടങ്ങിയവരായിരുന്നു സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. അന്ന് സമരം ചെയ്ത താരങ്ങളെ തെരുവില്‍ വലിച്ചിഴച്ച ഡല്‍ഹി പോലീസിനോടും അവരെ നിയന്ത്രിക്കുന്നവരോടും താരങ്ങളെ അധിക്ഷേപിച്ച ബിജെപി നേതാക്കളോടുമെല്ലാമുള്ള മധുര പ്രതികാരമാണ് വിനേഷിന്റെ ഒളിമ്പിക്സ് മെഡല്‍ നേട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.