പാരീസ്: ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി ചിത്രീകരിച്ചതിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് ഫ്രഞ്ച് പോലീസ്. സന്നദ്ധ സംഘടനയായ സിറ്റിസണ്‍ഗോ സ്പോണ്‍സര്‍ ചെയ്ത പ്രചാരണ ബസില്‍ യാത്ര ചെയ്ത ഏഴ് പേരാണ് അറസ്റ്റിലായത്.
ബസിന്റെ ഒരു വശത്ത് 'ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. മറുഭാഗത്ത് അന്ത്യ അത്താഴത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സ്‌കിറ്റിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
തിരുവത്താഴത്തെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചാണ് നിരവധി ക്രൈസ്തവര്‍ ബസുമായി രംഗത്തുവന്നത്.
സിറ്റിസണ്‍ഗോയിലെ ആറ് അംഗങ്ങളോടും ബസ് ഡ്രൈവറോടും പോലീസ് അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അധികാരികള്‍ക്കു മുന്നില്‍ പ്രതിഷേധം അറിയിക്കാനും വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തും 384,000-ത്തിലധികം ആളുകള്‍ ഒപ്പിട്ട വെബ്സൈറ്റിലെ നിവേദനവും ബസില്‍ പരസ്യപ്പെടുത്തിയിരുന്നു.
പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ്, അറസ്റ്റിലായവർക്ക് എതിരെ നടപടികള്‍ ആരംഭിച്ചെങ്കിലും വിഷയം വിവാദമായപ്പോള്‍ 24 മണിക്കൂറിന് ശേഷം കുറ്റം ചുമത്തില്ലെന്ന് അറിയിച്ചതായി സിറ്റിസണ്‍ഗോ പ്രസിഡന്റ് ഇഗ്‌നാസിയോ അര്‍സുവാഗ അറിയിച്ചു.
ഒളിമ്പിക്‌സ് ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ സംഭവിച്ചതുപോലെ, മതസ്വാതന്ത്ര്യത്തിനും ക്രൈസ്തവര്‍ക്കും നേരെ നടന്ന പുതിയ ആക്രമണമാണിതെന്ന് സിറ്റിസണ്‍ഗോ വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസത്തിനെതിരെയും യൂറോപ്പിന്റെയും പടിഞ്ഞാറിന്റെയും സ്ഥാപക മൂല്യങ്ങള്‍ക്കെതിരായും നടന്ന കുറ്റകൃത്യമായി പാരീസ് ഒളിമ്പിക്‌സ് ഗെയിംസ് ഓര്‍മ്മിക്കപ്പെടുമെന്നു സംഘടന കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സിലെ ക്രൈസ്തവ അവഹേളനത്തെ അപലപിച്ച് വത്തിക്കാനും നേരത്തെ രംഗത്ത് വന്നിരുന്നു.
സിറ്റിസണ്‍ഗോയെ സംബന്ധിച്ചിടത്തോളം, ഈ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണ്. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും രാജ്യത്തിന്റെ അറ്റോര്‍ണി ജനറലിനും പൊലീസ് സേനയ്ക്കും എതിരെ സംഘടന കേസ് ഫയല്‍ ചെയ്യുമെന്ന് സിറ്റിസണ്‍ഗോ പ്രസിഡന്റ് ഇഗ്‌നാസിയോ അര്‍സുവാഗ അറിയിച്ചു.
ക്രൈസ്തവര്‍ സഞ്ചരിച്ച വാഹനത്തെ തോക്കിന്‍മുനയിലാണ് ജെന്‍ഡര്‍മേരി ഉദ്യോഗസ്ഥര്‍ തടഞ്ഞ്. സര്‍ക്കാരുകള്‍ ഏകാധിപത്യ സ്വഭാവമുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണെന്നും തന്റെ സംഘടനയിലെ അംഗങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് 'ക്രിസ്ത്യന്‍ ചിഹ്നങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ വര്‍ധിച്ചുവരുന്നതായും അര്‍സുവാഗ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.