വയനാട്ടില്‍ ഭൂമികുലുക്കം: ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അസാധാരണ ശബ്ദവും; ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം

 വയനാട്ടില്‍ ഭൂമികുലുക്കം: ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും  അസാധാരണ ശബ്ദവും; ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം

കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമി കുലുക്കമുണ്ടായതായി നാട്ടുകാര്‍. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടയ്ക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താല്‍കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഴക്കം കേട്ട പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

ഇന്ന് രാവിലെ 10.11 നാണ് സംഭവം. മുഴക്കം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴക്കം കേട്ട പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂരിക്കാപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഗ്ലാസുകള്‍ താഴെ വീണതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനം സംബന്ധിച്ച് സര്‍ക്കാര്‍ സ്ഥിരീകരണം വന്നിട്ടില്ല. അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയല്‍ പ്രദേശങ്ങളില്‍ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.