വിയന്ന(ഓസ്ട്രിയ): അമേരിക്കന്‍ പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പരിപാടി റദ്ദാക്കി.
ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ആണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ 19കാരന്‍ ഐഎസിനോട് ആഭിമുഖ്യമുള്ള വ്യക്തിയാണെന്ന് വെളിപ്പെടുത്തിയതായി ഓസ്ട്രിയന്‍ സുരക്ഷാ വിഭാഗം മേധാവി ഫ്രന്‍സ് റഫ് അറിയിച്ചു. ഇയാള്‍ ഓസ്ട്രിയന്‍ പൗരനാണ്. പ്രതിയുമായി ബന്ധപ്പെട്ട മറ്റൊരാളും അറസ്റ്റിലായി. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അറസ്റ്റിന് പിന്നാലെ വിയന്നയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ ഏണസ്റ്റ് ഹാപ്പല്‍ സ്റ്റേഡിയത്തിലാണ് സ്വിഫ്റ്റിന്റെ പരിപാടി നടക്കാനിരുന്നത്. ഭീകരാക്രമണ പദ്ധതി സ്ഥിരീകരിച്ചതോടെ സ്വിഫ്റ്റിന്റെ മൂന്ന് ഷോകളും റദ്ദാക്കി. സ്വിഫ്റ്റിന്റെ ഷോകള്‍ തന്നെയായിരുന്ന ആക്രമണകാരികളുടെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാവ് നിരവധി പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഏകദേശം 170,000 ആരാധകരെ പ്രതീക്ഷിച്ചിരുന്ന പരിപാടിയാണ് റദ്ദാക്കപ്പെട്ടത്. ടിക്കറ്റുകളെല്ലാം തന്നെ നേരത്തെ വിറ്റഴിച്ചിരുന്നു. അതേസമയം, എല്ലാവരുടെയും ടിക്കറ്റ് റീഫണ്ട് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഭീഷണി നേരത്തെ തിരിച്ചറിയാനും നേരിടാനും ഒരു ദുരന്തം തടയാനും കഴിഞ്ഞു എന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ വിഷയത്തില്‍ പ്രതികരിച്ചത്. ആക്രമണത്തിന് മുന്‍പ് തന്നെ സംഭവം പുറത്തെത്തിക്കാന്‍ പൊലീസിന് സാധിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2017ല്‍ മാഞ്ചസ്റ്ററില്‍ അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്ക് നേരെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിപാടിയുടെ അവസാന നിമിഷത്തില്‍ ആരാധകര്‍ പിരിഞ്ഞുപോകുന്ന വേളയിലാണ് ബോംബര്‍ സല്‍മാന്‍ അബേദി നാപ്സാക്ക് പൊട്ടിത്തെറിച്ചത്.
2020 നവംബറില്‍, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അനുഭാവി സെന്‍ട്രല്‍ വിയന്നയില്‍ വെടിവെപ്പ് നടത്തി നാല് പേരെ കൊലപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.