കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. മോഡിക്കൊപ്പം സുരേഷ് ഗോപിയും വിമാനത്തിലുണ്ടായിരുന്നു. ഹെലികോപ്റ്ററിൽ കൽപറ്റയിലെത്തിയ അദേഹം ഇനി റോഡ് മാർഗം ചൂരൽമലയിലേക്ക് പോകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്ടറിന് പുറമെ മറ്റൊരു ഹെലികോപ്ടർ കൂടിയുണ്ട്. ഇതിൽ മുഖ്യമന്ത്രിയും ഗവർണറും വയനാട്ടിലെത്തും.
ദുരന്തത്തെ അതിജീവിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി നേരിൽക്കാണും. മേപ്പാടി ആശുപത്രിയിൽ കഴിയുന്ന അരുൺ, അനിൽ, എട്ട് വയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോഡി സന്ദർശിക്കുന്നത്. ചെളിക്കൂനയിൽ അകപ്പെട്ട് മണിക്കൂറുകൾക്കുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ചയാളാണ് അരുൺ, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനിൽ.
മൂന്ന് മണിക്കൂറാണ് മോഡിയുടെ സന്ദർശന സമയം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തും. ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാന മന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ഇതിന് ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കുക. ദുരിത ബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.