2025-26 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കും: കേരള കത്തോലിക്കാ മെത്രാന്‍ സമിതി

2025-26 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കും: കേരള കത്തോലിക്കാ മെത്രാന്‍ സമിതി

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനമായ 'ലൗദാത്തോ സി' യുടെ പത്താം വാര്‍ഷികാഘോഷത്തിന്റെയും ആഗോള കത്തോലിക്കാ സഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള കേരള സഭാ നവീകരണത്തിന്റെയും ഭാഗമായി 2025-26 ല്‍ കേരളസഭ ഒന്നാകെ സംസ്ഥാന തലത്തിലും രൂപത, ഇടവക തലങ്ങളിലും സഭാ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഹരിത ശീല പ്രയത്‌നങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

2025 കേരള സഭ ഹരിതശീല വര്‍ഷമായി ആചരിക്കും. 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഹരിത ചട്ടങ്ങള്‍ പാലിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക, ഇടവകകളും സ്ഥാപനങ്ങളും ഗ്രീന്‍ ഓഡിറ്റ് നടത്തുകയും ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക, എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇടവകകളും ആഗോള സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ 'ലൗദാത്തോ സി ആക്ഷന്‍ പ്ലാറ്റ്‌ഫോമില്‍' അംഗമാകുകയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യുക എന്നിവയാണ് സഭ ഹരിതശീല വര്‍ഷാചരണത്തിലൂടെ ലക്ഷ്യമിടുന്നത്:

2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ റീജിയണല്‍, രൂപതാ തലങ്ങളില്‍ ഇടവകകളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേക്ക് മാറുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കപ്പെടും. 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക രാഷ്ട്രങ്ങള്‍ പഠന വിഷയമാക്കുകയും തല്‍ഫലമായി ഓരോ ജന സമൂഹവും പിന്തുടരേണ്ട പരിസ്ഥിതി സംരക്ഷണ ശീലങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ 2023 ല്‍ ദുബായിയില്‍ നടന്ന കോപ് 28 ഉച്ചകോടിയിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുതകുന്ന 'ശുദ്ധ ഊര്‍ജ്ജ'ത്തിലേക്ക് മാറുവാന്‍ ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തിരുന്നു.

കാര്‍ബണ്‍ എമിഷന്‍ പരമാവധി കുറയ്ക്കുന്നതിനുതകുന്ന ജീവിതരീതി പിന്‍തുടരുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സഭാ മക്കളെ ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ 2015 ല്‍ 'ലൗദാത്തോ സി' എന്ന ചാക്രിക ലേഖനത്തിലൂടെ ലോക രാജ്യങ്ങളോടും സഭയോടും സംവദിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, കാലാവസ്ഥാ വ്യതിയാനത്തിലൂടെ അതീവ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന ഭൂമിക്ക് കൂടുതല്‍ സംരക്ഷണ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് 2023 ല്‍ 'ലൗദാത്തെ ദേയും' എന്ന അപ്പോസ്‌തോലിക പ്രബോധനം ഒരേ വിഷയത്തില്‍ തന്നെ വീണ്ടും നല്‍കിയിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ ആരോഗ്യ പരിപാലനം, ജീവനോപാധികള്‍, വരുമാന മാര്‍ഗങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലവിഭവം തുടങ്ങിയ മേഖലകളെയെല്ലാം അതീവ ഗൗരവമായി ബാധിക്കുമെന്നും ഇത് നിര്‍ബന്ധിത പലായനത്തിന് പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഫലം നമ്മുടെ നാട്ടില്‍ പോലും പ്രകടമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് കേരള മെത്രാന്‍ സമിതി കാര്‍ബണ്‍ ന്യൂട്രല്‍ ആകാനുള്ള ആഹ്വാനം നല്‍കിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.