ഒളിമ്പിക്സ് കഴിഞ്ഞു; ഇറാന്റെ ആക്രമണം ഉടനെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍: മേഖലയില്‍ യുദ്ധ വിമാനങ്ങളും പടക്കപ്പലുകളും വേഗത്തിലെത്തിക്കാന്‍ അമേരിക്ക

ഒളിമ്പിക്സ് കഴിഞ്ഞു; ഇറാന്റെ ആക്രമണം ഉടനെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍: മേഖലയില്‍ യുദ്ധ വിമാനങ്ങളും പടക്കപ്പലുകളും വേഗത്തിലെത്തിക്കാന്‍ അമേരിക്ക

ടെല്‍ അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ടെഹ്‌റാനില്‍ വെച്ച് വധിച്ചതിന് പ്രതികാരമായി ഇറാന്‍ ദിവസങ്ങള്‍ക്കകം ഇസ്രയേലിനെതിരെ വന്‍ ആക്രമണം നടത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാന്‍ തല്‍ക്കാലം ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്.

ഇറാനും ഹിസ്ബുള്ളയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. പാരീസ് ഒളിമ്പിക്സ് സമാപിക്കുന്നത് വരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മര്‍ദമാണ് ഇറാന്റെയും ഹിസ്ബുള്ളയുടെയും പ്രത്യാക്രമണം വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്‍പ് ഇറാന്‍ ആക്രമണം നടത്തുമെന്നാണ് ഇസ്രയേലിന്റെ നിലവിലെ വിലയിരുത്തലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ആക്സിയോസ്' വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഇറാനില്‍ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍ എന്നും അതേസമയം ഏപ്രില്‍ 13,14 തിയതികളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തേക്കാള്‍ കടുത്ത രീതിയില്‍ ആക്രമിക്കണമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ തീരുമാനമെന്നും വാര്‍ത്തകളുണ്ട്.

അതിനിടെ പശ്ചിമേഷ്യയിലേക്കുള്ള യുദ്ധ വിമാനങ്ങളുടെയും പടക്കപ്പലുകളുടെയും വിന്യാസം വേഗത്തിലാക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് എബ്രഹാം ലിങ്കണ്‍ സ്ട്രൈക്ക് ഗ്രൂപ്പിനോട് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ലോയ്ഡ് ഓസ്റ്റിനുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇസ്രായേലിനെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ഓസ്റ്റിന്‍ ഗാലന്റിനോട് പറഞ്ഞു.

അതിന് ശേഷമാണ് അമേരിക്കയുടെ പുതിയ നീക്കം. മേഖലയില്‍ പിരിമുറുക്കം വര്‍ധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് യു.എസ്.എസ് ജോര്‍ജിയ അന്തര്‍വാഹിനിക്കപ്പല്‍ വിന്യസിക്കാന്‍ ഓസ്റ്റിന്‍ ഉത്തരവിട്ടിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളം യു.എസ് സൈനിക ശേഷി ശക്തിപ്പെടുത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.

അതേസമയം സിവിലിയന്‍മാര്‍ക്കുള്ള മുന്നറിയിപ്പില്‍ മാറ്റമൊന്നുമില്ലെന്ന് ഇന്നലെ ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇറാനും ഹിസ്ബുള്ളയും ചേര്‍ന്ന് ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത രീതിയില്‍ ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് യോവ് ഗാലന്റ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.