ക്രൈസ്തവരെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകള്‍ വിലപ്പോവില്ല: അഡ്വ.വി.സി സെബാസ്റ്റ്യന്‍

  ക്രൈസ്തവരെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകള്‍ വിലപ്പോവില്ല: അഡ്വ.വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ക്രൈസ്തവരെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്ത് കൊണ്ടുവരുവാനും നിയമ നടപടികളെടുക്കുവാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ട സംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്‍ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്.

ജനങ്ങളില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ ക്രമസമാധാന അന്തരീക്ഷത്തെപ്പോലും വെല്ലുവിളിച്ച് വേട്ടയാടുന്ന രാജ്യാന്തര ഛിദ്ര ശക്തികള്‍ക്ക് വളരാന്‍ കേരളത്തിന്റെ മണ്ണില്‍ അവസരമൊരുക്കി വലിയ അരാജകത്വത്തിലേയ്ക്ക് ഈ നാടിനെ ഭാവിയില്‍ തള്ളിവിടുന്നത് അനുവദിക്കാനാവില്ല.

ഭരണഘടന ഉറപ്പാക്കുന്ന മൂല്യങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ബോധപൂര്‍വ്വം തമസ്‌കരിച്ച് തീവ്രവാദ ശക്തികള്‍ നടത്തുന്ന ആസൂത്രിത അജണ്ടകളും നീക്കങ്ങളും പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണം.

ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന കലാലയങ്ങളിലേയ്ക്കുള്ള തീവ്രവാദ ശക്തികളുടെ കടന്നുകയറ്റവും അക്രമങ്ങളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതം ഭാവിയില്‍ കേരളത്തെ മറ്റൊരു കഴിഞ്ഞ കാല കാശ്മീരാക്കുവാന്‍ സാധ്യതകളേറെയാണെന്നും വി.സി സെബാസ്റ്റിയന്‍ പറഞ്ഞു.

ഭീകരവാദ പ്രസ്ഥാനങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും രാജാന്തര ഏജന്‍സികളും തെളിവുകള്‍ സഹിതം വെളിപ്പെടുത്തുമ്പോള്‍ ഭീകര വാദത്തിന്റെ ഉപകരണങ്ങളായി പുതുതലമുറയെ എറിഞ്ഞു കൊടുക്കുവാന്‍ ആരെയും അനുവദിക്കരുത്.

മതസൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

അണിയറയില്‍ ഒരുങ്ങുന്ന ക്രൈസ്തവ വിരുദ്ധ അജണ്ടകളെ പ്രതിരോധിക്കുവാന്‍ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ തമ്മിലും സഭകള്‍ക്കുള്ളിലും കൂടുതല്‍ അനുരഞ്ജനവും ഐക്യവും ഊട്ടിയുറപ്പിച്ച് പ്രവര്‍ത്തന നിരതരാകുന്നില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം ചരിത്രത്താളുകളിലാകുമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും സംവിധാനങ്ങളിലേക്കും വിശ്വാസസത്യങ്ങളിലേക്കുമുള്ള ബാഹ്യശക്തികളുടെയും രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെയും കടന്നു കയറ്റത്തെ വിശ്വാസി സമൂഹം ശക്തമായി എതിര്‍ക്കുമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.