കടുത്ത സ്ത്രീവിരുദ്ധത ഇനി തീവ്രവാദക്കുറ്റത്തിന്റെ പരിധിയില്‍; പുതിയ നിയമനിര്‍മാണവുമായി യുകെ

കടുത്ത സ്ത്രീവിരുദ്ധത ഇനി തീവ്രവാദക്കുറ്റത്തിന്റെ പരിധിയില്‍; പുതിയ നിയമനിര്‍മാണവുമായി യുകെ

സ്ത്രീവിരുദ്ധ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെ സ്വാധീനിക്കുന്നു

ലണ്ടന്‍: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി യുകെ. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ നേരിടാനും ഓണ്‍ലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാറിന്റെ തീവ്രവാദവിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളിലെ പുഴുതകള്‍ പരിഹരിക്കാനും പുതുതായി ഉയര്‍ന്നുവരുന്ന പ്രത്യയശാസ്ത്രങ്ങള്‍ പഠിക്കാനും ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ ഭാഗമായാണ് പുതിയമാറ്റം.

തീവ്രവാദത്തെ പ്രതിരോധിക്കുന്നതു പോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും പ്രതിരോധിക്കാനാണ് കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ ലേബര്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

നിര്‍ദിഷ്ട നിയമനിര്‍മാണമനുസരിച്ച്, കടുത്ത സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നതായി സംശയിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തേണ്ടത് അധ്യാപകരാണ്. അവരാണ് സര്‍ക്കാരിന്റെ തീവ്രവാദവിരുദ്ധ പരിപാടിയിലേക്ക് അത്തരം കുട്ടികളെ റഫര്‍ ചെയ്യേണ്ടത്. തീവ്രവാദവിരുദ്ധ പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യപ്പെടുന്നവരെ ലോക്കല്‍ പൊലീസ് വിലയിരുത്തും. അവര്‍ തീവ്രവത്കരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്നും കൗണ്‍സിലിങ് ആവശ്യമാണോയെന്നും പരിശോധിക്കും.

ലക്ഷകണക്കിന് ഫോളോവേഴ്‌സുള്ള ആന്‍ഡ്രൂ ടേറ്റിനെപ്പോലുള്ള സ്ത്രീവിരുദ്ധ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെ സ്വാധീനിക്കുണ്ടെന്നാണ് യുകെ സര്‍ക്കാരിന്റെ കണ്ടെത്തല്‍. തീവ്രവാദ സംഘടനകള്‍ ഭീകരവാദത്തിനായി ആളുകളെ സംഘടിപ്പിക്കുന്ന സമാനരീതിയിലാണ് ഇക്കൂട്ടരും പ്രവര്‍ത്തിക്കുന്നത് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. അതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് കെയിര്‍ സ്റ്റാമര്‍ സര്‍ക്കാര്‍ നീങ്ങുന്നത്.

കഴിഞ്ഞവര്‍ഷം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രൂ ടേറ്റിനെ പോലുള്ള കടുത്ത സ്ത്രീവിരുദ്ധ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സ്വാധീനം സ്‌കൂള്‍ കുട്ടികളില്‍ വര്‍ധിച്ചുവരുന്നുണ്ട്. സ്വാധീനിക്കപ്പെടുന്ന കുട്ടികള്‍ വനിതാ അധ്യാപകരെയോ മറ്റ് വിദ്യാര്‍ഥികളെയോ വാക്കാല്‍ അധിക്ഷേപിക്കുന്ന സംഭവങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിരവധി വിഷയങ്ങളെ തീവ്രവാദ പ്രവര്‍ത്തനമായി യുകെ ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നുണ്ട്. എന്നാല്‍ കടുത്ത സ്ത്രീവിരുദ്ധത അതില്‍ ഉള്‍പെട്ടിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ അതിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നാണ് യുകെ അധികൃതര്‍ കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.