തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു തന്നെ പുറത്തു വിടും. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി മണിക്കൂറുകള്‍ക്കകമാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് ബോധ്യപ്പെട്ട 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ല്‍ രൂപീകരിച്ച ഹേമ കമ്മിറ്റി 2019 ലാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
അപ്പീല്‍ തള്ളിയ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നിയമ നടപടി തുടരുമെന്ന് നടി രഞ്ജിനി അറിയിച്ചു. ഹര്‍ജിക്കാരിക്ക് സിംഗില്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിനി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കും. വൈകുന്നേരം മൂന്നിന് ഹര്‍ജി സിംഗില്‍ ബെഞ്ച് പരിഗണിച്ചേക്കും.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴിയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുമെന്ന് അന്ന് അറിയിച്ചിരുന്നു. തന്റെ മൊഴിയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നതില്‍ ഉറപ്പ് വേണമെന്നും രഞ്ജിനി അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ പുറത്തു വിടുന്നതിലാണോ, സ്വന്തം മൊഴിയുടെ ഭാഗം പുറത്തു വിടുന്നതിലാണോ എതിര്‍പ്പെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയും നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.