നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല; റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസ് മാത്രം: പലരുടെയും മൊഴികള്‍ കേട്ട് ഞെട്ടിപ്പോയെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി

നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല;  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസ് മാത്രം:  പലരുടെയും മൊഴികള്‍ കേട്ട് ഞെട്ടിപ്പോയെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസ് മാത്രമാണെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ജോലി സ്ഥലമാണ്. താമസ സ്ഥലത്തും യാത്രക്കിടയിലും സെറ്റുകളിലും നടിമാര്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആണ്‍ താരങ്ങള്‍ തന്നെ ഹേമ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. ലൈംഗിക ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുകള്‍ കമ്മറ്റിക്ക് ലഭിച്ചിട്ടുണ്ട്. താല്‍പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി ഹേമ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകള്‍ എടുത്തു ബുദ്ധിമുട്ടിച്ചു.

നിര്‍ബന്ധിച്ച് ചിത്രീകരിച്ച ഇന്റിമേറ്റ് സീന്‍ ഒഴിവാക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നടി മൊഴി നല്‍കി. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ്ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു നടി കമ്മിഷന് മൊഴി നല്‍കി.

ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ നടിമാര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. നഗ്‌നതാ പ്രദര്‍ശനവും ആവശ്യപ്പെടും. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും ഉള്‍പ്പെടുന്നു. വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും. എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്നു.

മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘമാണ്. മലയാള സിനിമയില്‍ തമ്പ്രാന്‍ വാഴ്ചയാണ്. സ്ത്രീകളോട് പ്രാകൃത സമീപനമാണ് പുലര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.