പിൽക്കാലങ്ങളിലേക്കാൾ കൂടുതലായി ജീവന്റെ മാഹാത്മ്യത്തെ കൂടുതൽ മനസിലാക്കാനുള്ള ഒരു അവസരമായിട്ടാണ് ഈ കൊറോണക്കാലത്തെ ഞാൻ കാണുന്നത്. ഒരു പക്ഷെ നിങ്ങളിൽ പലർ അങ്ങനെ തന്നെയാവും. കാരണം ഇതുവരെ രാവിലെ ഉണർന്നെഴുന്നേറ്റു പതിവ് പോലെ ദിനചര്യകളിലേക്കു കടന്നു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടിൽ ജീവന്റെയോ ജീവശ്വാസത്തിന്റെയോ മാഹാത്മ്യത്തെക്കുറിച്ചൊക്കെ ഓർക്കാൻ ആർക്കു നേരം? അഞ്ചു പൈസ മുടക്കാതെ ഫ്രീ ആയി നാം പോലും അറിയാതെ ശ്വാസോച്ഛാസം ചെയ്തിരുന്ന നമ്മൾ പ്രാണവായുവിനായി ഓക്സിജനെയും കൃത്രിമ ശ്വസോച്ഛാസ ഉപാദികളായ വെന്റിലേറ്ററുകളെയും ECMO യന്ത്രങ്ങളെയും ആശ്രയിക്കേണ്ടി വന്നു.എന്നിട്ടും അതിജീവിയ്ക്കാനാകാതെ അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെ പരിചയത്തിലും അല്ലാതെയുമുള്ള ഒട്ടനവധി ജന്മങ്ങളെക്കുറിച്ചറിഞ്ഞപ്പോഴാകാം ഒരു പക്ഷെ ജീവശ്വാസത്തിന്റെ വിലയെക്കുറിച്ചു ചിന്തിച്ചുത്തുടങ്ങിയത്.
ജീവന്റെ വിലയെക്കുറിച്ചു പറയുമ്പോൾ ജീവനെതിരെ വെല്ലുവിളിയുയർത്തുന്ന പ്രത്യേകം സൂചിപ്പിയ്ക്കേണ്ട പലമേഖലകളുമുണ്ട്. ദൈവിക പദ്ധതിപ്രകാരം ലോകത്തിലേതന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഗർഭപാത്രത്തിൽ ഉരുവായ ,ജീവന്റെ കണികയായ ഭ്രൂണത്തെ ഇല്ലാതാക്കുന്നതിനായി, നടത്തുന്ന ഏതൊരു രീതിയും ജീവനെതിരെയുള്ള കടന്നാക്രമണമാണ്. വാര്ധക്യത്തിലെത്തുന്ന വൃദ്ധ മാതാപിതാക്കളെ വേണ്ട രീതിയിൽ ശുശ്രൂഷിയ്ക്കാത്തതും വൃദ്ധസദനങ്ങളിൽ തള്ളി , സ്വന്തം കടമ നിർവഹിച്ചു എന്ന് പറയുന്നതും ഇതിന്റെ വേറൊരു പൊയ്മുഖം. നമ്മുടെ ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ നമ്മെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ നാം ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്ന് ഒരു നിമിഷം സ്വന്തം മനഃസാക്ഷിയോടൊന്നു ചോദിച്ചു നോക്കിയാൽ ലജ്ജിച്ചു തല താഴ്ത്തുക തന്നെ നിർവാഹം.. വികലാംഗർ, വിധവകൾ, ഭിന്നശേഷിക്കാരെന്നു മലയാളത്തിൽ അഭിസംബോദന ചെയ്യപ്പെടുന്ന 'ഡിഫറെന്റലി ഏബിൾഡ് ' സ്പെഷ്യൽ നീഡ് ചിൽഡ്രൻ ,ഇവരോട് കാട്ടുന്ന അവഗണനയും ജീവന്റെനേരെയുള്ള പോർവിളിയാണ്..
ആത്മഹത്യാ ഒന്നിനും ഒരിയ്ക്കലും ഒരു പരിഹാരമല്ല. ദൈവം തന്ന ജീവനെ തിരിച്ചെടുക്കാൻ ദൈവത്തിനു മാത്രമേ അവകാശമുള്ളൂ. എന്റെ ശരീരം, എന്റെ ജീവിതം, അത് എങ്ങനെ ജീവിയ്ക്കണമെന്നു എനിയ്ക്കറിയാമെന്ന ഹുങ്കോടെ മുതിര്ന്നവരുടെ തിരുത്തലുകൾ അവഗണിച്ചു ശരീരത്തിന് ഹാനികരമായ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ജീവന്റെ മേലുള്ള ഒരു കടന്നു കയറ്റം തന്നെയാണ് എന്ന് മാത്രമല്ലെ സ്വയം നാശത്തിലേയ്‌ക്ക് എടുത്തു ചാടുന്നതിനു സാദൃശ്യമാണ്.
ചുരുക്കിപ്പറഞ്ഞാൽ എന്റെ അഭിപ്രായത്തിൽ ഈ ലൈഫ് സൺഡേ ആത്മശോധന ചെയ്യാനുള്ള ഒരവസരമാകണം. ജന്മം തന്നമാതാപിതാക്കളോട് ഒരു നിമിഷത്തെ ചോരത്തിളപ്പിന്റെ എടുത്തുചാട്ടത്തിൽ എനിയ്ക്കു എന്തിനു ജൻമം തന്നുവെന്നു ചോദിച്ചുണ്ടെങ്കിൽ അവരിൽ നമ്മൾ ഏൽപ്പിച്ച ഒരിയ്ക്കലും മായ്ക്കാനാവാത്ത മുറിവിലൂടെ നമ്മുടെ ജീവിതത്തിലേയ്ക്ക് കിട്ടേണ്ടിയിരുന്ന ദൈവാനുഗ്രഹത്തിന്റെ അടഞ്ഞുകിടക്കുന്ന ചാലുകളെ നമുക്ക് വെട്ടിയൊരുക്കാം.
പലപ്പോഴും പാശ്ചാത്യ രീതികളിൽ ഒരാളുടെ മരണാനന്തരമാണ് അവരുടെ ജീവിതത്തെ ആഘോഷിയ്ക്കുന്നതു.. എന്നാൽ എന്റെ അഭിപ്രായത്തിൽ ഇഹലോകത്തിൽ ജീവിച്ചിരിയ്ക്കുമ്പോളാണ് ഉള്ളതുകൊണ്ട് തൃപതരായി കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നൊക്കെ പറയുംപോലെ നാം ശരിയ്ക്കും ആഘോഷിയ്ക്കേണ്ടത്. അതിനാൽ, ഈ അനിശ്ചിത്വത്തിന്റെ കാലഘട്ടത്തിലും അതിജീവിയ്ക്കാൻ നമ്മെ സഹായിച്ച സർവശക്തന്റെ കരുണയ്ക്കു മുൻപിൽ ശിരസു നമിച്ചു നന്ദിയോടെ ആയുസ്സിന്റെ അവശേഷിച്ച നിമിഷങ്ങളെ നന്നായി ജീവിച്ചു തീർക്കാം. അങ്ങനെ “ഞാൻ നല്ല ഓട്ടം ഓടി” എന്ന് പറയുവാൻ നമുക്കും ആവട്ടെ.
(സ്മിത സോണി )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.