യുവനടിയുടെ ലൈംഗികാരോപണം: സിദ്ദിഖ് എ.എം.എം.എ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു; മോഹന്‍ലാലിന് കത്ത് കൈമാറി

 യുവനടിയുടെ ലൈംഗികാരോപണം: സിദ്ദിഖ് എ.എം.എം.എ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു; മോഹന്‍ലാലിന് കത്ത് കൈമാറി

തിരുവനന്തപുരം: താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. യുവ നടി രേവതി സമ്പത്തിന്റെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ രാജി.

'എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഞാന്‍ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ.'- എന്നായിരുന്നു എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞിരിക്കുന്നത്.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായാണ് ഇന്നലെ യുവനടി രംഗത്തെത്തിയത്. സിദ്ദിഖില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോള്‍ കാണുന്ന മുഖമല്ല അയാളുടേതെന്നും രേവതി സമ്പത്ത് തുറന്നടിച്ചിരുന്നു.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി പെരുമാറാന്‍ ശ്രമിച്ചൂവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തി എന്നായിരുന്നു നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.

നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു എല്ലാവരുടേയും പ്രതികരണമെന്നും അവര്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ ഉന്നതരായ വ്യക്തികളില്‍ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായതായി തന്റെ നിരവധി സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു സംവിധാനവും കൂടെയുണ്ടായിരുന്നില്ല. കുടുംബം മാത്രമാണ് കൂടെയുണ്ടായിരുന്നത്. 21-ാം വയസില്‍ നടന്ന സംഭവമുണ്ടാക്കിയ മാനസിക പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സിദ്ദിഖിനെതിരെ സമാന ആരോപണവുമായി നടി 2019 ലും രംഗത്ത് വന്നിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നടി അന്ന് ഇക്കാര്യം തുറന്നു പറഞ്ഞത്. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതാണ് കാര്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.